കോവളം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ കാര്യക്ഷമമാക്കുന്നതിന് പകരം അവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞത്തുനിന്ന് കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് പത്തുദിവസം പിന്നിട്ടിട്ടും സ്ഥലത്തെത്താത്ത ഫിഷറീസ് മന്ത്രിയും അപക്വമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയും വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണം. സമൂഹത്തോടുള്ള വെല്ലുവിളിയായ ഇത്തരം നിലപാടുകൾ അവസാനിപ്പിക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.എസ്. ഹരികുമാർ, പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. അനൂപ്, കോവളം ഏരിയ സെക്രട്ടറി എസ്. അജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. അനിൽകുമാർ, കെ. മധു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.





