ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണം. ആക്രമണത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ തലകീഴായി മറിഞ്ഞ് സമുദ്രത്തിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമുൾപ്പെടെ 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
കപ്പലിന് നേരെയുണ്ടായ പ്രകോപനമില്ലാത്ത ആക്രമണത്തെ കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാളും വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ മന്ത്രി, മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പൽ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും രക്ഷപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന് നിർദേശം നൽകി.
ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു. ജീവനക്കാരെ വേഗത്തിൽ രക്ഷപ്പെടുത്തിയ യെമൻ ഭരണകൂടത്തിനും കോസ്റ്റ് ഗാർഡിനും ഇന്ത്യ നന്ദി രേഖപ്പെടുത്തി.
മേഖലയിൽ സംഘർഷം തുടരുന്നതിനിടെ ചൊവ്വാഴ്ച ഹൊർമുസ് കടലിടുക്കിന് സമീപം മറ്റൊരു ലൈബീരിയൻ ചരക്കുകപ്പലിന് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര നാവിക പാതകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

















































