തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എ.എം.വി.ഐ) ദിപിൻ ഇടവണ്ണയ്‌ക്കെതിരെ നടപടി വൈകുന്നതിൽ മോട്ടോർ വാഹന വകുപ്പിൽ കടുത്ത അതൃപ്തി. ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ അടുത്ത മാസം ഒന്നുമുതൽ പുതിയ പോസ്റ്റിങ് നൽകിയതിനെതിരെയാണ് വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ രംഗത്തെത്തിയത്. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനെതിരെ കർശന വകുപ്പുതല നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
2023ൽ കണ്ണൂർ പൊന്ന്യം സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കതിരൂർ പൊലീസ് ദിപിൻ ഇടവണ്ണയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാട്‌സാപ്പിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും വഴങ്ങണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ.
2025 മെയ് മാസത്തിൽ മുൻ ഗതാഗത കമ്മീഷണറും എ.ഡി.ജി.പിയുമായ എസ്. ശ്രീജിത്തിനെതിരെ ടെലിവിഷൻ അഭിമുഖത്തിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ദിപിൻ ഇടവണ്ണ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെ തേജോവധം ചെയ്തുവെന്ന് ആരോപിച്ച് എസ്. ശ്രീജിത്ത് നൽകിയ മാനനഷ്ടക്കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
സർക്കാർ സർവീസിലിരിക്കെ അനധികൃതമായി കോച്ചിങ് സെന്ററുകളും പി.എസ്.സി പരിശീലന സ്ഥാപനങ്ങളും നടത്തിയെന്ന പരാതിയിലും ദിപിൻ ഇടവണ്ണയ്‌ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.
ലൈംഗികാതിക്രമ പരാതി, ഉന്നത ഉദ്യോഗസ്ഥനെതിരായ അഴിമതി ആരോപണം, വിജിലൻസ് അന്വേഷണം എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് പുതിയ പോസ്റ്റിങ് നൽകിയത് സംബന്ധിച്ചാണ് ഇപ്പോൾ വകുപ്പിനുള്ളിൽ അതൃപ്തി ശക്തമായിരിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ക്രിസ്ത്യൻ പള്ളിക്ക് നേരെ തുപ്പി, കല്ലെറിഞ്ഞു, ആക്രമണം അഴിച്ചുവിട്ട് ഇസ്രായേലി കുടിയേറ്റക്കാർ

















































