ഗസ്സസിറ്റി: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗർഭിണിയായ യുവതിയും അഞ്ച് വയസ്സുള്ള മകനുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഗസ്സ പോർട്ട് ഏരിയയ്ക്ക് സമീപമുള്ള അൽ-സൂസി ടവറിലെ ഒരു ഫ്ലാറ്റിന് നേരെ ഇന്നലെയാണ് (ഞായറാഴ്ച) ഇസ്രായേൽ ആക്രമണം നടത്തിയത്. അബ്ദുള്ള അബു തൈഫ് (33), ഭാര്യ അബീർ അനൻ (29), ഇവരുടെ അഞ്ച് വയസ്സുകാരനായ മകൻ അസ്സാം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അൽ-ഷിഫ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ അബീറിന്റെ ഗർഭപാത്രത്തിലുണ്ടായിരുന്ന കുഞ്ഞും മരണപ്പെട്ടു. ഗർഭപാത്രത്തിൽ നിന്ന് ഭ്രൂണം പുറത്തേക്ക് തെറിച്ച നിലയിലായിരുന്നു. “ഈ പിഞ്ചുകുഞ്ഞ് ചെയ്ത കുറ്റമെന്താണ്, എവിടെയാണ് ലോക മനഃസാക്ഷി?”- മരിച്ച കുഞ്ഞിന്റെ മൃതദേഹം കൈയിലേന്തി അഹമ്മദ് എബു കാസ് എന്ന ഫലസ്തീൻ സ്വദേശി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം ലഭിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ ഗസ്സ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളിൽ രണ്ടു കുട്ടികളടക്കം എട്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം, ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങലില്‍ ഇതുവരെ 1,222 ഫലസ്തീനികൾ കൊല്ലപ്പെടുകയും 4,053ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.അതേസമയം 2023 ഒക്ടോബറിൽ ഇസ്രായേൽ വംശഹത്യ ആരംഭിച്ചതിന് ശേഷം ഇതുവരെ 73,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,74,000-ത്തിലധികം പേർക്ക് പരിക്കേറ്റു. ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങളുടെ 90 ശതമാനത്തോളവും തകർന്നിട്ടുണ്ട്.

















































