വാഷിങ്ടൺ: പരസ്യമായി സംഘർഷം രൂക്ഷമാക്കുമെന്ന് ഭീഷണി മുഴക്കുന്നതിനൊപ്പം രഹസ്യമായി ചർച്ചകൾക്ക് ശ്രമിക്കുകയാണ് അമേരിക്കയെന്ന് ആരോപിച്ച് ഇറാൻ. യുഎസ് തങ്ങൾക്ക് പരസ്പരവിരുദ്ധമായ സന്ദേശങ്ങളാണ് നൽകുന്നതെന്നും ഇതിലൂടെ ഇറാനെ സമ്മർദത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാനിയൻ എം.പി. ഹസൻ ഘഷ്ഘാവി ആരോപിച്ചു. ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംഘർഷം കൂടുതൽ രൂക്ഷമാക്കാൻ ആലോചിക്കുന്നതായി മാധ്യമങ്ങളിലൂടെ അമേരിക്ക മുന്നറിയിപ്പ് നൽകുമ്പോഴും, മറ്റ് വഴികളിലൂടെ ചർച്ചകൾക്ക് യുഎസ് അഭ്യർഥന നടത്തുകയാണെന്നാണ് ഘഷ്ഘാവി പറയുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
‘ഇറാനെ പറ്റിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല. സൈനിക നടപടിയായാലും ചർച്ചയായാലും യുഎസിന് മുന്നിൽ ഒറ്റ വഴിയേ ഉള്ളൂ’ എന്ന നിലപാടാണ് ഇറാനിയൻ എം.പി. സ്വീകരിച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാൻ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പുതിയ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഈ വാരാന്ത്യത്തോടെ തന്നെ പുതിയ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാനെ കീഴടങ്ങാനും വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാനും നിർബന്ധിതരാക്കുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കാൻ ട്രംപ് യുഎസ് സൈന്യത്തിന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ചർച്ചയുടെ വാതിൽ തുറന്നിട്ടുണ്ടെന്ന് അമേരിക്ക പറയുമ്പോഴും മറുവശത്ത് സൈനിക നടപടിക്ക് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് പശ്ചിമേഷ്യയിലെ സംഘർഷത്തിന് കൂടുതൽ സങ്കീർണത സൃഷ്ടിക്കുകയാണ്. അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം.


















































