വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ ജലവിതരണ സംവിധാനങ്ങളാണ് ഇത്തവണ ഹാക്കർമാരുടെ ലക്ഷ്യമാക്കിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ‘സൈബർ അവഞ്ചേഴ്സ്’ എന്ന സംഘമാണെന്നാണ് ഫെഡറൽ അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
പടിഞ്ഞാറൻ പെൻസിൽവാനിയയിലെ ഒരു വാട്ടർ അതോറിറ്റിയിലാണ് ആക്രമണം സ്ഥിരീകരിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടുത്തെ ബൂസ്റ്റർ സ്റ്റേഷനിലാണ് ഹാക്കർമാർ നുഴഞ്ഞുകയറിയത്. ഇസ്രയേലി കമ്പനിയായ യൂണിട്രോണിക്സ് നിർമിച്ച ഉപകരണങ്ങളിലെ സുരക്ഷാ പിഴവാണ് ഹാക്കർമാർ മുതലെടുത്തതെന്നാണ് വിവരം.
ആക്രമണത്തെ തുടർന്ന് മർദ്ദം നിരീക്ഷിക്കുന്ന സംവിധാനം പ്രവർത്തനരഹിതമായെങ്കിലും കുടിവെള്ള വിതരണത്തെ ബാധിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംവിധാനം ഉടൻ മാന്വൽ പ്രവർത്തനത്തിലേക്ക് മാറ്റിയതോടെ വലിയ പ്രതിസന്ധി ഒഴിവാക്കാനായി.
സംഭവത്തിന് പിന്നാലെ യുഎസ് സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (CISA) രാജ്യവ്യാപകമായി മുന്നറിയിപ്പ് നൽകി. യൂണിട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അവ ഇന്റർനെറ്റിൽ നിന്ന് അടിയന്തരമായി വിച്ഛേദിക്കണമെന്നും പാസ്‌വേഡുകൾ മാറ്റുകയും ഫയർവാൾ സുരക്ഷ ശക്തമാക്കുകയും വേണമെന്നും CISA നിർദേശിച്ചു.
വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു. നിലവിൽ കുടിവെള്ള വിതരണത്തിന് യാതൊരു ഭീഷണിയുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ, രാജ്യത്തെ ചെറുകിട ജലവിതരണ സംവിധാനങ്ങളുടെ സൈബർ സുരക്ഷയിലെ ദൗർബല്യങ്ങൾ ഒരിക്കൽ കൂടി തുറന്നുകാട്ടുന്നതാണ് സംഭവമെന്നാണ് വിലയിരുത്തൽ. ഹാക്ക് ചെയ്യപ്പെട്ട ഉപകരണങ്ങളുടെ സ്ക്രീനിൽ ഇസ്രയേലിൽ നിർമിച്ച ഉപകരണങ്ങൾ തങ്ങളുടെ ലക്ഷ്യമാണെന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് സൈബർ രംഗത്തും പുതിയ മാനം കൈവരുന്നതിന്റെ സൂചനയായാണ് സംഭവത്തെ കാണുന്നത്. ‘സൈബർ അവഞ്ചേഴ്സ്’ എന്ന സംഘം ഇറാന് വേണ്ടി പ്രവർത്തിക്കുന്നതായി സ്വയം അവകാശപ്പെടുന്നുണ്ട്.


















































