തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി. പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ശക്തമാക്കാനാണ് കളക്ടർമാർക്ക് നിർദേശം.
മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ അടിയന്തര നിർദേശം. മഴക്കെടുതി രൂക്ഷമായ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
തിരുവനന്തപുരത്ത് സി പി ജോണും, പത്തനംതിട്ടയിൽ പി സി വിഷ്ണുനാഥും, കോട്ടയത്ത് മോൻസ് ജോസഫും, ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. സ്ഥിതിഗതികൾ നിരന്തരം വിലയിരുത്താനും അടിയന്തര സാഹചര്യമുണ്ടായാൽ വേഗത്തിൽ ഇടപെടാനും നിർദേശം നൽകി.
അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ രണ്ട് പേരെ കാണാതായ സംഭവത്തിലും തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.















































