ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത വീഡിയോയെ പരിഹസിച്ച് കോൺഗ്രസ്. മോദി ഇരവാദം ഇറക്കുകയാണെന്നും കേന്ദ്രസർക്കാർ മാപ്പ് പറയണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നതെന്നും കോൺഗ്രസ് വിമർശിച്ചു. മോദിയെ അധിക്ഷേപിച്ച വിദ്യാർത്ഥി ഇതിനിടെ പരസ്യമായി മാപ്പ് പറഞ്ഞു. ഇന്നലെ അർദ്ധരാത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജന്തർ മന്തറിലെ സമരത്തിനിടെ തന്നെയും മരിച്ചുപോയ അമ്മയെയും അധിക്ഷേപിച്ചവർക്ക് മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചത്.
അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും ആ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം സമൂഹം തിരുത്തണമെന്നും മോദി പറഞ്ഞു. എന്നാൽ ഇരവാദം കളിക്കുന്ന മോദി രാഷ്ട്രീയ എതിരാളികൾക്കെതിരെ പാർലമെന്റിലടക്കം മോശം ഭാഷ പ്രയോഗിക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാളാണെന്ന് ജയറാം രമേശ് വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയിലും സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചതിലും രാമക്ഷേത്രത്തിലെ കൊള്ളയിലുമെല്ലാം രാജ്യം മോദി മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. അവരോട് ക്ഷമിച്ചു എന്ന് മോദി പറയുന്നത് വിചിത്രമാണ്. മോദിയുടെ വീഡിയോ രാജ്യത്തിന് അപമാനമാണെന്നും ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ മോദിക്ക് ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
മോദിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് ജന്തർ മന്തറിലെ സമരത്തിനിടെ മോദിയെ അധിക്ഷേപിച്ച് ഓൺലൈൻ മാധ്യമത്തോട് സംസാരിച്ച വിദ്യാർത്ഥി പരസ്യമായി മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നത്. നേരത്തെ വിദ്യാർത്ഥിക്ക് 25 വയസാണെന്ന് രേഖപ്പെടുത്തി യുപി പോലീസ് കേസെടുത്തിരുന്നു. എന്നാൽ തനിക്ക് പതിനഞ്ച് വയസ് മാത്രമേയുള്ളൂവെന്നാണ് വിദ്യാർത്ഥി വീഡിയോയിൽ പറയുന്നത്. വിദ്യാർത്ഥിക്കെതിരെ യുപിയിലും തെലങ്കാനയിലും എടുത്ത കേസുകൾ പിൻവലിച്ചേക്കും.















































