തിരുവനന്തപുരം: പോക്സോ കേസിൽ റിമാൻഡ് വിധി കേട്ടതിന് പിന്നാലെ പ്രതി കോടതിയിൽനിന്ന് ചാടിപ്പോയി. നെടുമങ്ങാട് പോക്സോ കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കേസിലെ നാലാം പ്രതി നിധിൻ രാജാണ് കോടതിയിൽനിന്ന് രക്ഷപ്പെട്ടത്.
നാല് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിധിൻ രാജിന്റെ സുഹൃത്ത് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് നടപടി. കേസിൽ നിധിൻ രാജ് ഉൾപ്പെടെ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ നിധിൻ രാജിനെതിരെയാണ് ഇപ്പോൾ വീണ്ടും നടപടി.
നാലാം പ്രതിയായ നിധിൻ രാജ് ഏറെ നാളായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകനൊപ്പം ഇന്ന് ഉച്ചയോടെ നിധിൻ രാജ് കോടതിയിൽ ഹാജരായി.
തുടർന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി അറിയിച്ചതിന് പിന്നാലെയാണ് നിധിൻ രാജ് കോടതിയിൽനിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ നെടുമങ്ങാട് പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.


















































