തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെ.ആർ. അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയിൽ പ്രവേശിക്കാനോ നിർദേശം നൽകിയതായി റിപ്പോർട്ട്. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് അജയന് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിവരം.
വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. എന്നാൽ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഔദ്യോഗികമായി പുറത്തുപറയാൻ ദേശാഭിമാനി നേതൃത്വമോ സിപിഎം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.
പുല്ലമ്പാറയിലെ നാടക പ്രവർത്തകൻ ‘കള്ളൻ വിജയനെ’ കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിൽ വലിയ തർക്കമുണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് വി.എസിന്റെ അനുസ്മരണം ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു.
ലേഖനത്തിന്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതും വിവാദം മാധ്യമങ്ങളിൽ ചർച്ചയായതുമാണ് അജയനെ ചുമതലയിൽനിന്ന് മാറ്റാൻ കാരണമെന്നാണ് സൂചന. അജയന് പകരം ചീഫ് ന്യൂസ് എഡിറ്റർ ടി. ചന്ദ്രമോഹന് വാരാന്തപ്പതിപ്പിന്റെ ചുമതല നൽകി.
പുല്ലമ്പാറയിലെ നാടകപ്രവർത്തകൻ കള്ളൻ വിജയനെക്കുറിച്ചുള്ള ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്നത് ഉചിതമായ തലക്കെട്ടാണെന്നായിരുന്നു അജയന്റെ നിലപാട്. എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ തർക്കത്തിലും റസിഡന്റ് എഡിറ്ററുടെ കാരണം കാണിക്കൽ നോട്ടീസിനും അജയൻ ഇതേ നിലപാടാണ് മറുപടിയായി നൽകിയത്.
വിവാദത്തിൽ പാർട്ടിയും പത്രവും പ്രതിരോധത്തിലായതോടെയാണ് അച്ചടക്കനടപടിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. പത്രത്തിന്റെ കമ്പ്യൂട്ടർ വിഭാഗം ചുമതലയുള്ള വിഭാഗം മേധാവി അജയൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെ പരിശോധിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന പത്രാധിപസമിതിയാണ് തലക്കെട്ടിന്റെ പേരിൽ നടപടിയെടുത്തതെന്ന വിമർശനവും ഉയരുന്നുണ്ട്.



















































