തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പി.എം. ശ്രീ പദ്ധതി വിലയിരുത്തുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രം വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയുന്നതാണ് ഉചിതമെന്ന് ഷാജി വ്യക്തമാക്കി.
പദ്ധതിയുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന കൺവീനറുടെ പ്രസ്താവന തെറ്റിപ്പോയതാണോയെന്ന ചോദ്യത്തിന് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ഷാജിയുടെ മറുപടി. വിഷയത്തിൽ മുസ്ലിം ലീഗിന് യാതൊരു തരത്തിലുള്ള പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാരാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചതെന്നത് യാഥാർഥ്യമാണെന്നും ലീഗ് പറഞ്ഞ കാര്യങ്ങളിൽ കൃത്യമായ വ്യക്തതയുണ്ടെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനും മന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പുവെച്ചതിന് പിന്നിലെ ഇടനിലക്കാരനും പാലവും ജോൺ ബ്രിട്ടാസായിരുന്നുവെന്ന് ഷാജി ആരോപിച്ചു.
കരാറിൽ ഒപ്പുവെച്ച ശേഷം ഉളുപ്പില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാൻ താൽപര്യമില്ലെന്നും തന്റെ നിലപാടിനെ ചോദ്യം ചെയ്യാൻ ബ്രിട്ടാസ് ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ള സമയത്ത് ഇതേക്കുറിച്ച് പറയാമെന്നും ഷാജി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് അപകടകാരികളായ നായകളെ കൊല്ലുക എന്നതാണ് നിലവിലെ തീരുമാനമെന്നും ഇതിനായി കൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എ.ബി.സി. സെന്ററുകളുടെ എണ്ണം വർധിപ്പിക്കും.
വളർത്തുനായകളുടെ കുഞ്ഞുങ്ങളെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ കടുത്ത പിഴയും ശിക്ഷയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഒരേക്കറിൽ ആയിരത്തോളം നായകളെ പാർപ്പിക്കാൻ കഴിയുന്ന ഷെൽട്ടർ ഹോമുകൾക്കായി ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തും. ഓഗസ്റ്റ് ഏഴിന് വിഷയം ഹൈക്കോടതി പരിഗണിക്കുന്നതിന് മുൻപ് തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും കെ.എം. ഷാജി അറിയിച്ചു.

















































