കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന് ഹൈക്കോടതി. ഭർതൃവീട്ടിൽ ഗാർഹിക പീഡനം നടന്നുവെന്ന് തെളിയിക്കാൻ, ഭാര്യയ്ക്ക് ജീവനാംശം നിഷേധിച്ചതിനെക്കാൾ വലിയ തെളിവ് വേറെയില്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിരീക്ഷിച്ചു.
ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 10,000 രൂപ വീതം ജീവനാംശം നൽകണമെന്ന ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക പരാമർശം. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പാലക്കാട് സെഷൻസ് കോടതിയും നേരത്തേ ശരിവെച്ചിരുന്നു.
ഭാര്യ സ്വകാര്യ കോളേജിൽ അധ്യാപികയായി ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഇത്രയും ഉയർന്ന തുക ജീവനാംശമായി അനുവദിച്ചത് നീതിയല്ലെന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ പ്രതിമാസം 10,000 രൂപ എന്നത് അമിതമായ തുകയല്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
ജീവനാംശം നൽകാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്ന ഭർത്താവിന്റെ വാദവും കോടതി അംഗീകരിച്ചില്ല. സാമ്പത്തികശേഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യയ്ക്കും മകൾക്കും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ ജീവനാംശം ഉറപ്പാഭാര്യയ്ക്കും മകൾക്കും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ ജീവനാംശം ഉറപ്പാക്കേണ്ടത് ഭർത്താവിന്റെ നിയമപരവും ധാർമികവുമായ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്കും മകൾക്കും ജീവനാംശം നിഷേധിക്കുന്നത് സാമ്പത്തിക ദുരുപയോഗത്തിന്റെ ഭാഗമാണെന്നും അത് ഗാർഹിക പീഡനമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ അന്തസ്സോടെയുള്ള ജീവിതം ഉറപ്പാക്കേണ്ടത് ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.


















































