കോട്ടയം; അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർ പ്രസവിക്കുന്ന നവജാത ശിശുക്കളെ വിൽക്കുന്നുവെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്. അർജുൻ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ രക്ഷപ്പെട്ട യുവതിയെ പാർപ്പിച്ചിരുന്ന തീക്കോയിയിലെ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ 2 പേരെയും റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹർഷിത എന്ന സ്ത്രീയും പ്രതിയാണ്. ഇവരെ കൂടാതെ ഒരാൾ കൂടിയുണ്ടെന്നാണ് അറിയുന്നത്. ഇവരെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്.
നിലവിൽ തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിലെത്തിക്കുകയും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി വിൽക്കാൻ ശ്രമിക്കുകയും ചെയ്തെന്ന അസം സ്വദേശിനിയായ 22 വയസുകാരിയുടെ പരാതിയിലാണു നടപടിയെടുത്തിരിക്കുന്നത്. ഈ മാസം 16ന് തീക്കോയിയിൽ എത്തിച്ച യുവതിയെ രഹസ്യമായി പാർപ്പിക്കുകയും കുട്ടിയെ നൽകുന്നതിനു വിസമ്മതിച്ചപ്പോൾ തടഞ്ഞുവച്ച് മർദിക്കുകയും ചെയ്തെന്നാണ് കേസ്. 26ന് ഈ വീട്ടിൽനിന്ന് രക്ഷപ്പെട്ട് യുവതി ഈരാറ്റുപേട്ട സ്റ്റേഷനിലെത്തിയെങ്കിലും ഭാഷ മനസിലാകാത്തതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. കെയർഹോം അധികൃതരുടെ സഹായത്തോടെ പിന്നീടു വിശദമായ പരാതി നൽകുകയായിരുന്നു.
അതേസമയം ചോദ്യം ചെയ്യുന്നതിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. പാലാ ഡിവൈഎസ്പി കെ.സദനാണ് അന്വേഷണ ചുമതല. കെയർഹോമിൽ പാർപ്പിച്ചിരുന്ന പരാതിക്കാരി യുവതിയെ ഇന്നലെ വൈകിട്ട് വനിത – ശിശു വികസന വകുപ്പ് അധികൃതരെത്തി ഏറ്റെടുത്തു. ഇതിനിടെ യുവതി പറഞ്ഞ കാർത്തിക് അറസ്റ്റിലായ തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27) തന്നെയാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഘത്തിൽനിന്നു രക്ഷപ്പെട്ട യുവതി, കാർത്തിക് എന്നയാളാണ് തന്നെ സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടതെന്നു മൊഴികൊടുത്തിരുന്നു. ഇയാൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 8 പേർക്കെതിരായാണ് അസം സ്വദേശിനിയായ യുവതി (22) പോലീസിനു പരാതി നൽകിയത്. തീക്കോയിയിൽ യുവതിയെ പാർപ്പിച്ചിരുന്നു റബർത്തോട്ടത്തിലെ ഒറ്റപ്പെട്ട വീട്ടിൽ രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ മൂപ്പിലിരാജയ്ക്കുപുറമേ വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്. അർജുനും (21) അറസ്റ്റിലായത്.
വിശദമായ പരാതി ജില്ലാ പോലീസ് മേധാവിക്കു ലഭിച്ചതിനെത്തുടർന്ന് പോലീസ് 27ന് അർധരാത്രി തന്നെ പരാതിക്കാരിയിൽനിന്നു വിശദമായ മൊഴിരേഖപ്പെടുത്തുകയായിരുന്നു. പ്രാരംഭഘട്ടത്തിൽ ചോദ്യം ചെയ്യാനായാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെങ്കിലും പരാതിയിൽ പറയുന്ന കാര്യങ്ങളുമായി ബന്ധമുണ്ടെന്നു വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതുവഴി, കുഞ്ഞുങ്ങളെ കടത്തുന്ന മാഫിയയെപ്പറ്റി കൂടുതൽ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷയിലാണ് അന്വേഷണ സംഘമിപ്പോഴുള്ളത്.


















































