ബംഗളൂരു: കർണാടകയില്‍ ഭാര്യയെ കെട്ടിത്തൂക്കി കൊലപാതക ദൃശ്യങ്ങള്‍ മാതാപിതാക്കളെ വീഡിയോകോളിലൂടെ കാണിച്ചുകൊടുത്ത് ഭര്‍ത്താവ്. . പ്രവീൺ ജിഗലൂർ എന്നയാളാണ് 23-കാരിയായ ഭാഗ്യശ്രീ ജിഗലൂരിനെ കൊലപ്പെടുത്തിയത്. ഭാര്യക്ക് വിവാഹേതരബന്ധമുണ്ട് എന്ന സംശയമാണ് പ്രവീണിനെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് നൽകുന്ന വിവരങ്ങളനുസരിച്ച്, ദമ്പതികൾ താമസിച്ചിരുന്ന ഗലഗലി ഗ്രാമത്തിലെ വീട്ടിൽവെച്ചാണ് കൊലപാതകം നടന്നത്.
മരക്കഷണംകൊണ്ട് ക്രൂരമായി മർദിച്ച് അവശയാക്കിയ ശേഷമാണ് പ്രവീൺ ഭാഗ്യശ്രീയെ വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂക്കിയത്. ഭാഗ്യശ്രീ ശ്വാസംകിട്ടാതെ പിടയുന്നത് ഇയാൾ അവളുടെ മാതാപിതാക്കളെ ഫോണിൽ വീഡിയോകോൾ ചെയ്ത് തത്സമയം കാണിച്ചുകൊടുത്തു. അവളുടെ നിസ്സഹായത ക്യാമറയിൽ പകർത്തി അത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ചുനൽകുകയും ചെയ്തു പ്രവീൺ. പ്രവീണുമായുള്ള തർക്കങ്ങളെത്തുടർന്ന് സ്വന്തം വീട്ടിലായിരുന്ന ഭാഗ്യശ്രീയെ സമാധാനമായി ജീവിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മടക്കിക്കൊണ്ടുവന്നത്.
അന്നേദിവസം രാത്രിതന്നെയാണ് അയാൾ അവളുടെ ജീവനെടുത്തതും. തുടർച്ചയായ വഴക്കുകളെത്തുടർന്ന് രണ്ട് മാസം മുമ്പാണ് ഭാഗ്യശ്രീ ഭർത്താവിന്റെ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയത്. മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്ന അവളെ ഇനി മേലിൽ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്നും ഉറപ്പുനൽകിയാണ് പ്രവീൺ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്.
പിന്നീടാണ് അവളെ മർദ്ദിച്ച് അവശയാക്കി വീടിനുള്ളിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ ഉടൻ തന്നെ ബിലാഗി പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.


















































