ഇടുക്കി: ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ റിമു ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് വ്യാജ ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെയാണ് വീട്ടുപരിസരത്തുനിന്ന് പെൺകുട്ടിയെ ഇയാൾ ബലമായി കടത്തിക്കൊണ്ടുപോയത്.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ ഉടൻതന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് വൈകീട്ട് ഏഴരയോടെ പെൺകുട്ടി സ്വമേധയാ വീട്ടിൽ തിരിച്ചെത്തി. വിവരങ്ങൾ ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഉടുമ്പൻചോല പോലീസ് ഉടൻതന്നെ തിരച്ചിൽ ആരംഭിക്കുകയും രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തനിക്ക് 20 വയസ്സുണ്ടെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
എന്നാൽ, താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ 16 വയസ്സ് പ്രായം രേഖപ്പെടുത്തിയ ആധാർ കാർഡ് ലഭിച്ചു. ഇതേത്തുടർന്ന് ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു. എന്നാൽ, പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജരേഖ ചമച്ചതിനടക്കം ഇയാൾക്കെതിരേ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. നാലുമാസം മുമ്പാണ് റിമു ഉടുമ്പൻചോലയിലെത്തിയത്. ഈ സമയത്ത് പ്രദേശത്ത് ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. നാലുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.


















































