മലപ്പുറം: കുറ്റിപ്പുറത്ത് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള ദേശീയപാതയിൽ ഇറക്കവും വളവും ഉള്ള ഭാഗത്താണ് അപകടമുണ്ടായത്. അമിതവേഗമോ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ഡിവൈഡറിൽ ഇടിച്ചിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഒരു ടയർ ഊരിത്തെറിക്കുകയും വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർവശത്തെ ഡിവൈഡറിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു.
കഴിഞ്ഞയാഴ്ച ഉണ്ടായ മറ്റൊരു അപകടത്തെ തുടർന്ന് റോരരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞുവീണത്. അപകടസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് രക്ഷപ്പെട്ട യാത്രക്കാരുടെ മൊഴി. യാത്രക്കാരെല്ലാം സീറ്റിലിരുന്ന നിലയിലായിരുന്നുവെന്നും അവർ പറഞ്ഞു.
അപകടത്തിന് പിന്നാലെ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകി. തലകീഴായി മറിഞ്ഞ ബസിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്.
പെരുവയൽ സ്വദേശിയായ വിഷ്ണു അപകടത്തിൽ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ടയറിന് സാങ്കേതിക തകരാർ സംഭവിച്ചതാണോ, അമിതവേഗമാണോ അപകടത്തിന് കാരണമായതെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വിശദമായി അന്വേഷിച്ചുവരികയാണ്.


















































