മുക്കം: ഓണത്തിന് കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ച് സദ്യയൊരുക്കണമെന്നായിരുന്നു കുഞ്ഞ് അമന്റെ ആഗ്രഹം. പക്ഷേ, ആ ഓണം എത്തുംമുമ്പേ കൂട്ടുകാർ എത്തിയത് പ്രിയസുഹൃത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായിരുന്നു. മുക്കം പാഴൂരിലെ അമന്റെ വീട്ടിൽ ശനിയാഴ്ച അരങ്ങേറിയ കാഴ്ചകൾ നാടിന്റെ കണ്ണ് നനയിച്ചു.
ഉച്ചയ്ക്ക് 1.55-ഓടെയാണ് അമന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും അധ്യാപകരും സഹപാഠികളും നിറകണ്ണുകളോടെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നു. വീട്ടിനുള്ളിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾ റോസാപ്പൂക്കൾ അർപ്പിച്ച് അന്ത്യോപചാരം നടത്തി.
അമന് ഏറെ പ്രിയപ്പെട്ടിരുന്ന പുസ്തകവും റിമോട്ട് കാറും അച്ഛൻ പുതുതായി വാങ്ങിയ ചെരിപ്പും ഭൗതികദേഹത്തിനരികിൽ വെച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.എം.സി.എച്ചിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് ഭൗതികദേഹം വീട്ടിലെത്തിച്ചത്.
മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗത്തിലെ ലീഡ് യു.ഐ. ഡിസൈനർ ഷമീഷ് കാവുങ്ങലിന്റെയും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സ് ബിനിയുടെയും മകനാണ് അമൻ. മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചേന്ദമംഗലൂർ പുൽപ്പറമ്പിന് സമീപം റോഡിലേക്ക് തെറിച്ചുവീണ അമന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ഇമയാണ് സഹോദരി.



















































