ബംഗളുരു: ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമശ്രമം നടത്തിയ ആളുടെ കരണത്തടിച്ച് യുവതി. ബംഗളുരുവിൽ ബിഎംടിസി ബസിൽ വെള്ളിയാഴ്ച ഉച്ചക്ക് 1 2 മണിയോടെയാണ് സംഭവം. ഹെബ്ബാളിൽ നിന്ന് ഔട്ടർ റിംഗ് റോഡ് വഴി മാന്യത ടെക് പാർക്കിലേക്ക് പോവുന്ന ബസ്സിലാണ് ലൈംഗികാതിക്രമ ശ്രമം നടന്നത്. യാത്രക്കിടെ പ്രതി യുവതിയെ അനാവശ്യമായി സ്പർശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികരണവുമായി യുവതി രംഗത്തുന്നത്. പ്രതിയെ യുവതിയും ബസ് ജീവനക്കാരും കൂടി ‘കൈകാര്യം’ ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതി നിരന്തരം അനാവശ്യമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ യുവതി ഇയാളുടെ മുഖത്തടിക്കുകയായിരുന്നു.
തുടർന്ന് , യുവതി ബഹളം വെച്ചതോടെ ബസ് ഡ്രൈവറായ പ്രവീൺ ഉടൻ വിഷയത്തിൽ ഇടപെടുകയും ബസ് വാതിലുകൾ പൂട്ടി പ്രതി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. എന്നാൽ , ഇതിനിടെ പ്രതി തന്റെ ഷർട്ട് ഊരിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഡ്രൈവർക്ക് നേരെ തുപ്പുകയും ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബസ് മുന്നോട്ടെടുത്തു. വാതിലുകൾ തുറന്ന സമയം നോക്കി പ്രതി ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വെള്ളിയാഴ്ച രാവിലെയും ഇയാൾ സമാനമായ രീതിയിൽ ഒരു സ്ത്രീക്ക് നേരെ ലൈംഗിതിക്രമ ശ്രമം നടത്തിയിരുന്നു.
അപ്പോൾ ഇയാളെ ബസ്സിൽ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നുണ്ട്. വനിത ബസ് ജീവനക്കാർക്ക് നേരെയും മുമ്പ് ഇയാളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. “തിരക്ക് കുറഞ്ഞ ബസുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് തോന്നുന്നു. എന്റെ സഹപ്രവർത്തകർക്കും ഇയാളിൽ നിന്ന് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്,” എന്ന് ഡ്രൈവർ പ്രവീൺ പറഞ്ഞു.


















































