ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ ഒരുമാസത്തോളം നീണ്ട യുവജന സമരം നിർണായക വിജയം കണ്ടതോടെ, സിജെപിയുടെ ഭാവി നീക്കങ്ങളെക്കുറിച്ച് പ്രതികരിച്ച് നേതാക്കൾ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് സമരത്തിന്റെ പ്രധാന നേട്ടമായിരിക്കുമ്പോഴും, ഉടൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതിയില്ലെന്നതാണ് സംഘടനയുടെ നിലപാടെന്ന് സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും വ്യക്തമാക്കുന്നു.
അതേസമയം ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യയിൽ ഒന്നിനോടും നോ പറയരുത് എന്നായിരുന്നു റങ്കയുടെ പ്രതികരണം. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സിജെപി തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടു മാസത്തെ സംഭവവികാസങ്ങൾ വളരെ മാനസിക സമ്മർദ്ദം സൃഷ്ടിച്ചതായും, ഇപ്പോൾ വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. എന്റെ മനസ്സിലുള്ള ഒരേയൊരു കാര്യം വീട്ടിൽ പോയി ഉറങ്ങുക, കുറച്ച് വിശ്രമിക്കുക, എന്റെ കുടുംബത്തെ കാണുക എന്നതാണ്.
കഴിഞ്ഞ രണ്ട് മാസമായി ഞാൻ വീട്ടിൽ നിന്ന് മാറിനിൽക്കുകയാണ്, വിശ്രമിക്കാനും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സംഭവിച്ചതെല്ലാം ഓർക്കാനും ഞാൻ ആഗ്രഹിക്കുന്നു. നമുക്കെല്ലാവർക്കും ഇത് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു. അഭിമാനിക്കാനുള്ള ഒരു നിമിഷമാണിത്. ശരിക്കും സന്തോഷിക്കാനും ആശ്വാസം കണ്ടെത്താനുമുള്ള ഒരു നിമിഷമാണിത്. അതിനുശേഷം, കാര്യങ്ങൾ എങ്ങനെ പോകുമെന്ന് നമുക്ക് കാണാം,” എന്നായിരുന്നു റങ്കയുടെ മറുപടി
സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം രാഷ്ട്രീയമല്ലെന്ന് സൗരവ് ദാസ് ആവർത്തിച്ചുപറയുന്നു. രാജ്യത്ത് ഇതിനകം തന്നെ നൂറുകണക്കിന് രാഷ്ട്രീയ പാർട്ടികൾ ഉണ്ടെങ്കിലും, യുവജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. അതിനാൽ പ്രസ്ഥാനം അടിത്തട്ടിലേക്ക് വ്യാപിപ്പിച്ച്, ഏത് സർക്കാരും യുവജന ആവശ്യങ്ങൾ പരിഗണിക്കാൻ നിർബന്ധിതമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ദാസ് പറഞ്ഞു.
അതേസമയം ജൂൺ 20-ന് ഡൽഹിയിലെ ജന്തർ മന്ദിറിൽ ആരംഭിച്ച സമരമാണ് പിന്നീട് രാജ്യവ്യാപക യുവജന പ്രസ്ഥാനമായി മാറിയത്. മുൻ എഎപി പ്രവർത്തകനായ അഭിജിത്ത് ദീപ്കെടെ നേതൃത്വത്തിലായിരുന്നു സമരം. മേയ് മാസത്തിൽ സോഷ്യൽ മീഡിയയിൽ ആരംഭിച്ച പരിഹാസ ക്യാംപെയിനാണ് പിന്നീട് ശക്തമായ ജനപ്രക്ഷോഭമായി വളർന്നത്.



















































