ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തതിനെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകനായ മുസ്ലിം യുവാവിന്റെ വീട്ടില്‍ ഉത്തർപ്രദേശ് പൊലീസ് റെയ്ഡ് നടത്തി. മുഹമ്മദ് ജുനൈദിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. തന്റെ പിതാവിനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ജുനൈദ് പറഞ്ഞു.
ഇതിനുപുറമെ, മീററ്റിലുള്ള ജുനൈദിന്റെ സഹോദരിയുടെ ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.റെയ്ഡിനിടെ പോലീസ് തന്റെ കുടുംബാംഗങ്ങളുടെ ആധാർ കാർഡുകളും ബാങ്ക് പാസ് ബുക്കുകളും ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ പിടിച്ചെടുത്തതായും ജുനൈദ് വ്യക്തമാക്കി. ജന്തർ മന്തറിൽ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കുന്ന പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന സന്നദ്ധപ്രവർത്തകരിൽ ഒരാളാണ് മുഹമ്മദ് ജുനൈദ്.
സമരത്തിൽ താൻ സജീവമായി പങ്കെടുക്കുന്നതിലുള്ള പ്രതികാര നടപടിയാണിതെന്ന് ജുനൈദ് പ്രതികരിച്ചു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ജുനൈദിന്റെ ആരോപണങ്ങളോട് ഉത്തർപ്രദേശ് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

















































