തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിന്റെ വാക്കുകൾ വിശ്വസിച്ച് കാർ കൈമാറിയ ഓട്ടോ ഡ്രൈവർ തട്ടിപ്പിന് ഇരയായി. ഒരു ദിവസത്തേക്ക് ഓട്ടത്തിന് കാർ വേണമെന്ന പേരിൽ വാഹനം വാങ്ങിയ യുവാവ് പിന്നീട് കാറുമായി മുങ്ങിയെന്നാണ് പരാതി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയുടെ പുതിയ സ്വിഫ്റ്റ് കാറാണ് തട്ടിയെടുത്തത്, സംഭവത്തിൽ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ 29-കാരനാണ് പരാതിക്കാരൻ. ജൂലൈ ആറിനാണ് സംഭവം നടന്നത്.സോഷ്യൽ മീഡിയയിലൂടെ പത്തനംതിട്ട സ്വദേശിയെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടത്. തുടർന്ന് പരാതിക്കാരന്‍റെ ഫോണിലേക്ക് ജോയൽ എന്ന പേരിൽ വിളി വന്നു. ഒരു ദിവസത്തേക്ക് കാർ ഓട്ടത്തിന് നൽകണമെന്നും പിറ്റേദിവസം കാർ തിരികെ നൽകാമെന്നും പറഞ്ഞു. വിശ്വാസ്യത നേടുന്നതിനായി പ്രതി ഗൂഗിൽ പേ വഴി യുവാവിന് രണ്ട് ഘട്ടമായി 3,500 രൂപ നൽകി. കാർ തിരികെ നൽകുമ്പോൾ, പണം മടക്കി നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥയെന്ന് 29കാരനായ യുവാവ് പരാതിയിൽ പറയുന്നു.
എന്നാൽ നിശ്ചയിച്ച ദിവസം കഴിഞ്ഞിട്ടും കാർ തിരിച്ചുകിട്ടിയില്ല. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പ്രതികരിച്ചില്ല. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെയാണ് പരാതിക്കാരൻ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.


















































