ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്ക് പിന്നാലെ രാഷ്ട്രീയ പ്രതികരണങ്ങൾ ശക്തമാകുന്നു. നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വ്യാപക ചർച്ചയാകുന്നത്.
തനിക്കെതിരെ വർഷങ്ങളായി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വ്യാജ കേസുകളും സമ്മർദങ്ങളും ഗൂഢാലോചനകളും നടത്തിയ വ്യക്തിയാണ് എം.ആർ. അജിത് കുമാറെന്ന് ആരോപിച്ച രാഹുൽ, സസ്പെൻഷൻ ഒരു തുടക്കം മാത്രമാണെന്നും നിയമനടപടികൾ പൂർണതയിലെത്തണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു. തുടർന്ന് സ്വന്തം അനുഭവം വിശദീകരിച്ച് ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം വിശദീകരിക്കുന്നത്.
രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പ്
വിജയന്റെയും ശശിയുടെയും കയ്യിലെ ടോയ് ക്യാറ്റ് ആയിരുന്ന M R അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു എന്ന വാർത്ത ഒരു കോൺഗ്രസ്സുകാരൻ എന്ന നിലയിൽ വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് കേൾക്കുന്നത്.
ഒരു കോൺഗ്രസ്സുകാരനായതിന്റെ പേരിൽ മാത്രം എന്നെ ഏറ്റവും അധികം വേട്ടയാടാൻ നേതൃത്വം നല്കിയ ഒരാളാണ് ഈ കോൾഡ് ബ്ലഡ്ഡ് ക്രിമിനൽ.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം കൊണ്ടുവന്ന്, ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിൽ എന്നെ പ്രതിയാക്കണമെന്ന് ഉത്തരവിട്ടയാളാണ് ഇയാൾ. എനിക്കെതിരെ യാതൊരു തെളിവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ പേരിൽ, ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ പ്രതികാര മനോഭാവത്തോടെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ട്.
പാലക്കാട് ഞാൻ മത്സരിക്കുമ്പോൾ നീലപ്പെട്ടി വിവാദം ഉയർന്ന സമയത്ത്, എനിക്കെതിരെ കള്ളപ്പണം കടത്തി എന്ന കള്ളക്കേസെടുക്കണമെന്ന് പാലക്കാട്ടുള്ള ഉദ്യോഗസ്ഥരോട് വ്യക്തിപരമായി ആവശ്യപ്പെടുകയും, അത് നിരസിച്ചതിന്റെ പേരിൽ അവരോടും ഇയാൾ മോശമായി പെരുമാറുകയും ചെയ്തു.
ഏറ്റവും ഒടുവിൽ, എനിക്കെതിരെ വ്യാജ പീഡനക്കേസ് കൊണ്ടുവരാൻ സർക്കാർ ആവശ്യപ്രകാരം ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടത്തിയ മൂവർ IPS ഗ്യാങ്ങിലെ പ്രധാനിയായിരുന്നു ഇയാൾ. ഇയാളുടെ വിശ്വസ്തനായ ഒരു വാച്ച്‌ഡോഗായ പോലീസ് ഗുണ്ടയ്ക്ക് എന്നെ കായികമായി കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തതും ഇയാളാണ്.
കേസ് നിലനില്ക്കില്ല, അതിന് മെറിറ്റില്ല എന്ന് പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്യാൻ വിസമ്മതിച്ച ഇടതുപക്ഷക്കാരനായ ഒരു ഡി.വൈ.എസ്.പി.യെ കാസർഗോഡേക്ക് ഇയാൾ ഇടപെട്ട് സ്ഥലം മാറ്റുകയും ചെയ്തു.
ഒരു കോൺഗ്രസ്സുകാരനായതിന്റെ പേരിൽ മാത്രം ഈ നോട്ടോറിയസ് വിജയൻ അടിമ എനിക്കെതിരെ ചെയ്ത കാര്യങ്ങളിൽ ചിലത് മാത്രമാണ് ഇതിൽ പറഞ്ഞത്.
ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ കേരളം മുഴുവൻ വിജയന്റെ നവകേരള യാത്രക്ക് എതിരെ നടത്തിയ കരിങ്കൊടി സമരങ്ങളെ മാർക്കട മുഷ്ടിക്കൊണ്ട് അടിച്ചമർത്തണം എന്ന ആഹ്വാനം നല്കി കല്യാശേരി തൊട്ട് കാട്ടാക്കട വരെ ക്രൂര അക്രമം അഴിച്ചു വിടാൻ ഉത്തരവിട്ടതും ഇയാളാണ്. ആ ഉത്തരവിന്റെ ഭാഗമായാണ് ആലപ്പുഴയിൽ AD തോമസിനെയും അജയ് ജുവലിനെയും അടക്കം ആക്രമിച്ചതും പിന്നീട് ആ റിപ്പോർട്ട് തന്നെ തിരുത്തിയതും.
ഇതുപോലെ എത്ര കോൺഗ്രസ് പ്രവർത്തകരെയാണ് ഈ മാഫിയ തലവനും അയാളുടെ മാഫിയ പോലീസ് സംഘങ്ങളും ദ്രോഹിച്ചിട്ടുള്ളത്. ഇയാളെ മാത്രമല്ല, ആ മാഫിയയിലെ എല്ലാവരെയും ഇതുപോലെ തെറിപ്പിക്കുക തന്നെ ചെയ്യും ഈ സർക്കാർ.
സസ്‌പെൻഷൻ എന്നത് അവസാനമൊന്നുമല്ലെന്ന് അറിയാം. എങ്കിലും, പോലീസിന്റെ മാനുവേലിന് മുകളിൽ വിജയന്റെയും ശശിയുടെയും മാനുവേൽ നോക്കി പ്രവർത്തിച്ചവന്മാരുടെയെല്ലാം ചിറകരിയുന്ന ഈ സർക്കാർ പ്രവർത്തകരുടെ ആത്മാഭിമാനത്തെയാണ് ചേർത്തു നിർത്തുന്നത്.
അജിത്കുമാറെ നീ ചെയ്തതിനു ഒക്കെയും നീ കണക്ക് പറയേണ്ടി വരും.
“അവന്റെ ദുഷ്ടത അവന്റെ സ്വന്തം തലയിൽ തന്നെ തിരികെ വരും”
(സങ്കീർത്തനങ്ങൾ 7:16)
നന്ദി ഞങ്ങളുടെ പാർട്ടിക്ക്, പാർട്ടിയുടെ സർക്കാരിന്.
ജനങ്ങളുടെ സർക്കാർ.


















































