ന്യൂഡൽഹി: ജൂലൈ 20ന് കോക്ക്‌റോച്ച് ജനതാ പാർട്ടി പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ പെല്ലറ്റ് തോക്കിൽ നിന്നുള്ള വെടിയേറ്റ 19-കാരനായ പ്രക്ഷോഭകന് വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയെന്ന് കുടുംബം. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഡ് സ്വദേശിയായ സാഹിൽ ലോചാബ് എന്ന വിദ്യാർഥിക്കാണ് കണ്ണിന് ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച എയിംസ് ജയ് പ്രകാശ് നാരായൺ അപെക്‌സ് ട്രോമ സെന്ററിൽ വച്ച് കണ്ണിനുള്ളിലെ പെല്ലറ്റുകൾ പുറത്തെടുക്കാൻ സാഹിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ കണ്ണിന്റെ കൃഷ്ണമണി തകർന്നതിനാൽ കാഴ്ചശക്തി തിരിച്ചുകിട്ടാൻ ഒരു ശതമാനം മാത്രം സാധ്യത മാത്രമേയുള്ളൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളതെന്ന് കുടുംബം പറഞ്ഞു. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ വിദ്യാർഥിയാണ് സാഹിൽ. ഭാവിയിൽ ഒരു പൊലീസ് ഓഫീസറാകണമെന്ന വലിയ ആഗ്രഹത്തോടെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾക്കായി പഠിക്കുകയായിരുന്നു അവൻ.
”നേരത്തെയും സിജെപി പ്രക്ഷോഭങ്ങളിൽ സാഹിൽ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാന സമരമാണെന്നും ഇതിൽ പങ്കെടുക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് അവൻ വീട്ടിൽ നിന്നിറങ്ങിയത്. എപ്പോഴും ഒരു പോലീസ് ഓഫീസറാകണമെന്നതായിരുന്നു അവന്റെ ആഗ്രഹം”- സാഹിലിന്റെ അമ്മ ജ്യോതി കണ്ണീരോടെ ഓർത്തെടുത്തു.
സാഹിലിന് ഉടൻ തന്നെ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നും അവൻ ഇപ്പോഴും കഠിനമായ വേദനയിലാണെന്നും കാഴ്ച പൂർണമായും വ്യക്തമായിട്ടില്ലെന്നും ബാല്യകാല സുഹൃത്തായ പർവേശ് വ്യക്തമാക്കി. ഡൽഹി പൊലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന വാർത്തകൾ നിഷേധിച്ചിരുന്നെങ്കിലും, സാഹിലിനേറ്റ മുറിവുകൾ ലോഹ പെല്ലറ്റുകൾ മൂലമുണ്ടായതാണെന്ന് ഡോക്ടർമാരും കുടുംബവും സ്ഥിരീകരിച്ചു. ആദ്യമായാണ് ഡൽഹിയിൽ സാധാരണക്കാർക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത്

















































