വാഷിങ്ടൺ: സൗദി അറേബ്യയുടെ സിവിലിയൻ ആണവപദ്ധതിക്ക് നിർണായക വഴിത്തിരിവാകുന്ന ‘123 ആണവക്കരാറി’ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ അമേരിക്കയോ സൗദി അറേബ്യയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഏകദേശം 30 വർഷത്തേക്കുള്ള ഈ കരാർ പ്രകാരം സൗദിയുടെ സിവിലിയൻ ആണവോർജ പദ്ധതിയുടെ വികസനത്തിൽ അമേരിക്കൻ കമ്പനികൾക്ക് പ്രധാന പങ്കാളിത്തമുണ്ടാകും. സംയുക്ത പഠനങ്ങൾക്ക് ശേഷം സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമായാണ് പരിഗണിക്കുന്നത്.
സൗദിക്ക് അമേരിക്കൻ ആണവ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന സമാന കരാറിനായി മുൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടവും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അനുമതി നൽകുന്ന കാര്യത്തിൽ വ്യക്തമായ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെൻട്രിഫ്യൂജുകൾ സ്ഥാപിക്കുന്നത് ഭാവിയിൽ ആണവായുധ വികസനത്തിന് വഴിവെക്കുമോയെന്ന ആശങ്ക ആണവ നിരായുധീകരണ വിദഗ്ധർ ഉയർത്തുന്നുണ്ട്. ഇറാൻ ആണവായുധ ശേഷി കൈവരിച്ചാൽ സൗദിയും അതേ പാത പിന്തുടരുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുൻപ് സൂചിപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെ, സൗദിയും ആണവശേഷിയുള്ള പാകിസ്താനും ഉഭയകക്ഷി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു. ആവശ്യമെങ്കിൽ സ്വന്തം ആണവ ശേഷി സൗദിയുമായി പങ്കിടാമെന്ന നിലപാടും പാകിസ്താൻ അന്ന് അറിയിച്ചിരുന്നു.
അമേരിക്കയുമായി സമാനമായ 123 ആണവകരാറിൽ യു.എ.ഇ. നേരത്തേ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അവർ ആവശ്യപ്പെട്ടിരുന്നില്ല. നിലവിൽ പശ്ചിമേഷ്യയിലെ ഏക ആണവശക്തി ഇസ്രായേലാണെന്നാണ് വ്യാപകമായ വിലയിരുത്തൽ.

















































