ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ വിമർശിക്കാനും, സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനും തനിക്ക് വൻതുക വാഗ്ദാനം ലഭിച്ചതായി കണ്ടെന്റ് ക്രിയേറ്ററുടെ വെളിപ്പെടുത്തൽ. രൂപേഷ് യാദവ് എന്ന യുവാവ് തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ‘എവോറ കമ്മ്യൂണിക്കേഷൻസ്’ എന്ന മീഡിയ ഏജൻസിയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പെയ്ഡ് ക്യാമ്പെയ്‌നിനായുള്ള ഈ മെയിൽ വന്നിരിക്കുന്നത്.
രണ്ട് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്നതിനായി 40,000 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുള്ള സ്ക്രിപ്റ്റും മറ്റ് വിവരങ്ങളും ഏജൻസി തന്നെ നൽകുമെന്നും സ്ക്രീൻഷോട്ടുകളായി കാണിക്കുന്ന ഇമെയിലിൽ വ്യക്തമാക്കുന്നുണ്ട്. ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ക്യാമ്പയിൻ നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വിദ്യാർഥിയായി നിന്നുകൊണ്ട് രാജ്യത്തെ നിലവിലെ പ്രക്ഷോഭങ്ങളെയും പ്രതിപക്ഷത്തെയും വിമർശിക്കാനാണ് നിർദേശം. ഡൽഹിയിൽ സമരം ചെയ്യുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) അടക്കമുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളെ നെഗറ്റീവ് ആയി ചിത്രീകരിക്കണമെന്നും, പ്രതിപക്ഷം രാജ്യത്തെ കുട്ടികളുടെ ഭാവിയെ നശിപ്പിക്കുകയാണെന്ന് വരുത്തിത്തീർക്കണമെന്നും ഇവർ ആവശ്യപ്പെട്ടതായി ക്രിയേറ്റർ വിഡിയോയിൽ ആരോപിക്കുന്നു.
ഈ പെയ്ഡ് ക്യാമ്പെയ്‌നിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ബിജെപിയുടെ പിആർ വർക്കാണിതെന്നാണ് വിഡിയോയിൽ ആരോപിക്കുന്നത്. ആക്ടർമാർക്കും ക്രിയേറ്റർമാർക്കും മറ്റും ഇത്രയധികം രൂപ നൽകുന്നത് എവിടെ നിന്നുള്ള പണമാണെന്ന് ചോദിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.


















































