ന്യൂയോർക്ക്: ഫിഫ ലോകകപ്പ് സ്‌പെയിൻ ഉയർത്തിയതുമുതൽ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായത് ടീമിന് ലഭിച്ച സമ്മാനത്തുകയെപ്പറ്റിയാണ്. 50 ദശലക്ഷം യുഎസ് ഡോളർ അഥവാ ഏകദേശം 482 കോടിയോളം രൂപയാണ് സ്പാനിഷ് ടീമിന് സമ്മാനമായി കിട്ടിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ഈ തുകയുംകൊണ്ട് ടീമിന് നാട്ടിൽ പോകാൻ സാധിക്കില്ലയെന്നതാണ് മറ്റൊരു വസ്തുത.
തങ്ങൾക്ക് ലഭിച്ച 50 ദശലക്ഷം ഡോളർ സമ്മാനത്തുകയ്ക്ക് മേൽ ഏകദേശം 30 ശതമാനംവരെ സ്‌പെയിൻ, യുഎസിന് നികുതി നൽകണം. യുഎസിൽനിന്ന് അത്‌ലറ്റുകൾ നേടുന്ന പണത്തിന് ഇന്റേണൽ റെവന്യു സർവീസിന് (ഐആർഎസ്) നികുതി നൽകേണ്ടതുണ്ട്. ടീമുകൾ മാത്രമല്ല കളിക്കാരും തങ്ങൾക്ക് ലഭിച്ച വരുമാനത്തിന് ഇത്തരത്തിൽ യുഎസിൽ നികുതി നൽകണം. അമേരിക്കയുമായി ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി (ഡബിൾ ടാക്‌സേഷൻ എഗ്രിമെന്റ്-ഡിടിഎ) ഉള്ള രാജ്യങ്ങൾക്ക് ചില ഇളവുകൾ ലഭിക്കും. എന്നാൽ, ലോകകപ്പിന് യോഗ്യത നേടിയ 48 രാജ്യങ്ങളിൽ 18 രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരമൊരു കരാർ അമേരിക്കയുമായി ഉള്ളത്.
സ്‌പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കും കാനഡ, മെക്‌സിക്കോ, ഓസ്ട്രേലിയ, ഈജിപ്ത്, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കും അമേരിക്കയുമായി നികുതി ഉടമ്പടിയുണ്ട്. ഈ രാജ്യങ്ങളിലെ ഫുട്‌ബോൾ അസോസിയേഷനുകൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും യുഎസ് ഫെഡറൽ ടാക്‌സിൽനിന്ന് ഇളവ് ലഭിക്കും.
അതേസമയം ബ്രസീൽ, അർജന്റീന, ജപ്പാൻ, ദക്ഷിണ കൊറിയ, സെനഗൽ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്കയുമായി നികുതി ഉടമ്പടി ഇല്ലാത്തതിനാൽ അവർ വലിയൊരു തുക നികുതിയായി നൽകേണ്ടിവരും. കായിക ഇനം ഏതുതന്നെയായാലും യുഎസിൽ സമ്പാദിച്ച തുകയ്ക്ക് അവിടെ നികുതി നൽകണമെന്നതാണ് ചട്ടം. ടീമുകൾ മാത്രമല്ല കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫും എന്തിന് റഫറിമാർ പോലും യുഎസിൽനിന്നുള്ള വരുമാനത്തിന് ഇന്റേണൽ റെവന്യു സർവീസിന് നികുതി നൽകണമെന്നാണ് ചട്ടം.
ഇനി രാജ്യങ്ങൾ തമ്മിൽ നികുതി ഉടമ്പടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കളിക്കാർക്ക് ലഭിക്കുന്ന വ്യക്തിഗത വരുമാനത്തിന് അമേരിക്കയിൽ നികുതി നൽകണം. വ്യക്തിഗത വരുമാനത്തിനുമേൽ ഫെഡറൽ ഇൻകം ടാക്‌സ് 37 ശതമാനം വരെയാകാം. ഫെഡറൽ നികുതിക്ക് പുറമെ ചില സംസ്ഥാനങ്ങൾ അധിക നികുതിയും ഈടാക്കുന്നുണ്ട്. കാലിഫോർണിയയിൽ 13.3 ശതമാനവും ന്യൂജേഴ്സിയിൽ 10.75 ശതമാനവുമാണ് നികുതി നിരക്ക്. എന്നാൽ, മിയാമി ഉൾപ്പെടുന്ന ഫ്‌ളോറിഡ സംസ്ഥാനത്ത് ഇത്തരം നികുതികളില്ല താനും
















































