തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാവായിക്കുളം സ്വദേശിനി മരിച്ചു. കല്ലമ്പലം നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ളയുടെയും സ്നേഹലതയുടെയും മകൾ വിദ്യ (37, കൊച്ചുമോൾ) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് 5.45-ഓടെയായിരുന്നു സംഭവം. പനിയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിൽവരികയും പെട്രോളില്ലാതിരുന്ന വിദ്യയുടെ സ്കൂട്ടിയിൽ ഒഴിക്കുന്നതിനായി വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ബന്ധുവും നാട്ടുകാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ് മനോജുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന വിദ്യ സീമന്തപുരത്ത് വനിതാ ഹോട്ടൽ നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യതകൾ സംഭവത്തിന് കാരണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ കല്ലമ്പലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
പ്രതീകം
















































