കോട്ടയം: മക്കൾക്ക് കളനാശിനി നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ അവസാന വ്യക്തിയും മരണത്തിനു കീഴടങ്ങി. കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ച മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50), ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16), മകൻ അലൻ (12) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച ആദ്യം മകൾ മരിയ തെരേസ തോമസും പിന്നാലെ ജോസ്നയുമാണ് മരണത്തിനു കീഴടങ്ങിയത്. പിന്നാലെ ജോബിയും ചൊവ്വാഴ്ച അലനും ചികിത്സയിൽ തുടരവേ മരിച്ചു.
അതേസമയം സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. ജോസ്ന പലരിൽനിന്നും പണം വാങ്ങി ചിട്ടി നടത്തിയിരുന്നു. എന്നാൽ ചിട്ടിത്തുക നൽകാൻ കഴിയാഞ്ഞതോടെ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. മണർകാടുള്ള ഒരാൾക്ക് പണം നൽകാം എന്ന് പറഞ്ഞിരുന്ന ദിവസമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ശനിയാഴ്ച കോതനല്ലൂർ സ്വദേശിയായ ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് വൈകിട്ട് മറ്റപ്പള്ളിയിലെ വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാലുപേരെയും വീടിനുള്ളിൽ അവശനിലയിൽ കാണുകയായിരുന്നു. പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


















































