ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ എൻഡിഎ എംപിമാർക്ക് നിർണായക നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളെ പ്രകോപിപ്പിക്കരുതെന്നും, അവർക്ക് ശരിയായ വഴി കാട്ടിക്കൊടുക്കുകയാണ് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ നിലവിൽ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ എംപിമാർ മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് എളുപ്പമാണെങ്കിലും അതിൽ നിന്ന് തിരികെ വരുന്നത് വളരെ പ്രയാസകരമാണെന്നും, കുട്ടികളെ ശരിയായ വഴിയിലേക്ക് കൊണ്ടുവരേണ്ടത് ഓരോ ജനപ്രതിനിധിയുടെയും കടമയാണെന്നും മോദിയെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. ജി.എം.സി. ബാലയോഗി ഓഡിറ്റോറിയത്തിൽ നടന്ന എൻഡിഎ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
അതേസമയം, ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സിജെപി പ്രതിനിധികളായ സൗരവ് ദാസും അശുതോഷ് റാങ്കയും മന്ത്രിക്ക് മുന്നിൽ ഉന്നയിച്ചത്. ചർച്ച അനുകൂലമായിരുന്നുവെന്ന് ഇന്ന് നഡ്ഡ പ്രതികരിച്ചു.
ജൂൺ അവസാനം മുതൽ പ്രതിഷേധങ്ങളിൽ സജീവമായ സോനം വാങ്ചുക്, പരീക്ഷാ ക്രമക്കേടുകളിൽ സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

















































