ചെന്നൈ: തന്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. “ഇന്നത്തെ ഈ നിലയിൽ എത്തിച്ചേരാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെടുകയും കഠിനാധ്വാനം ചെയ്യുകയും ചോരയും നീരും ഒഴുക്കുകയും ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ ഞങ്ങൾക്കു കാലിടറിയിട്ടുണ്ടാകാം, പരാജയപ്പെട്ടിട്ടുണ്ടാകാം, തട്ടി വീണിട്ടുമുണ്ടാകാം; എന്നാൽ, വീര്യത്തോടെ പൊരുതിക്കയറുന്നതിലും വീണ്ടും വിജയം വരിക്കുന്നതിലും ഞങ്ങൾ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.
വിജയങ്ങളിൽ മതിമറന്നു പോകാനോ സെലിബ്രിറ്റികളുടെ മക്കളെന്ന ആനുകൂല്യം മുതലെടുക്കാനോ അനുവദിക്കാതെ, അങ്ങേയറ്റത്തെ ശ്രദ്ധയോടെയാണ് ഞങ്ങൾ മക്കളെ വളർത്തിയത്. തങ്ങൾ ആരാണെന്നതിന്റെ ആനുകൂല്യം അവർ ഒരിക്കൽപ്പോലും മുതലെടുത്തിട്ടില്ല. ഞങ്ങളുടെ മക്കളെക്കുറിച്ച് ഞങ്ങൾക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്.” ഖുശ്ബു പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തൻ്റെ മക്കളെ അപമാനിക്കാനോ അനാദരിക്കാനോ ആരെയും അനുവദിക്കില്ലെന്നും ഇത്തരം ആളുകളുടെ മാനസികാവസ്ഥ വളരെ മോശമാണെന്നും സംസ്കാര ശൂന്യതയാണെന്നും വളർത്തുദോഷമാണെന്നും അവർ തുറന്നടിച്ചു.
“അവരുടെ അതേ ഭാഷയിലും രീതിയിലും മറുപടി നൽകാൻ ആഗ്രഹമുണ്ട്, പക്ഷെ ഞാനത് ചെയ്യില്ല. താൻ നിശബ്ദയായിരിക്കുന്നത് ഇത്തരം മോശം മാനസികാവസ്ഥയെ അംഗീകരിക്കുന്നതുകൊണ്ടല്ലെന്നും അവർ വ്യക്തമാക്കി. ഒരമ്മയോടും കളിക്കാൻ നിൽക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചാടിവീണു കൊല്ലുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കുക. കുറച്ചു ഫോളോവേഴ്സിനെയും പരിഹാസങ്ങളെയും നേടാനായി എന്റെ മക്കളെയും കുടുംബത്തെയും ഉപയോഗിക്കാൻ ഇറങ്ങിത്തിരിച്ച ഏതോ തരംതാണ ഒരു വിഡ്ഢിക്കു വേണ്ടിയുള്ളതല്ല ഈ സന്ദേശം. ഒരു കെട്ട് പച്ചനോട്ടുകൾക്കു വേണ്ടി, സ്വന്തം കുടുംബം പുലർത്താനായി ഞങ്ങളെക്കുറിച്ച് ഇരുന്ന് സംസാരിക്കുന്ന യൂട്യൂബർമാർ എന്നു വിളിക്കപ്പെടുന്ന എല്ലാവർക്കുമുള്ള വളരെ വ്യക്തമായ സന്ദേശമാണിത്.” ഖുശ്ബു കൂട്ടിച്ചേർത്തു.


















































