കാൻസസ് സിറ്റി: ആവേശം അവസാന വിസിൽ മുഴങ്ങുംവരെ ആവേശം നീണ്ട ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിലേക്ക്. എക്‌സ്ട്രാ ടൈമിൽ ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളുകളുടെ മികവിൽ പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡിനെ 3-1ന് തകർത്താണ് അർജന്റീന അവസാന നാലിലെത്തിയത്. സെമിയിൽ ഇംഗ്ലണ്ടാണ് മെസ്സിപ്പടയുടെ എതിരാളികൾ.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോരാട്ടം നീങ്ങുമെന്ന തോന്നൽ ശക്തമായിരിക്കെ, എക്‌സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ അർജന്റീന ആക്രമണത്തിന്റെ വേഗം കൂട്ടി. കളി അവസാനിക്കാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെ ജൂലിയൻ അൽവാരസ് നേടിയ തകർപ്പൻ ഗോളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. സ്വിസ് പ്രതിരോധത്തെ കീഴടക്കി ലീഡ് നേടിയ അർജന്റീനയ്ക്ക് പിന്നാലെ ലൗട്ടാരോ മാർട്ടിനസ് കൂടി വലകുലുക്കിയതോടെ സെമി പ്രവേശനം ഉറപ്പായി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്വിറ്റ്‌സർലൻഡ് ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റുകളിൽ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ഇതിനിടെ, പത്താം മിനിറ്റിൽ ലയണൽ മെസ്സിയുടെ കൃത്യതയാർന്ന കോർണർ കിക്ക് അലക്‌സിസ് മാക് അലിസ്റ്റർ മനോഹരമായ ഹെഡറിലൂടെ വലയിലെത്തിച്ചതോടെ അർജന്റീന ലീഡെടുത്തു.
ഗോൾ വഴങ്ങിയെങ്കിലും സ്വിസ് താരങ്ങൾ ആക്രമണത്തിന് പിന്നോട്ടില്ലായിരുന്നു. രണ്ടാം പകുതിയിൽ നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ 67-ാം മിനിറ്റിൽ സമനില ഗോൾ പിറന്നു. അതോടെ മത്സരം വീണ്ടും തുറന്ന പോരാട്ടമായി മാറി.
സമനില നേടിയതിന്റെ ആവേശം അവസാനിക്കും മുൻപേ കളി മറ്റൊരു വഴിത്തിരിവിലേക്കും കടന്നു. അർജന്റീനൻ താരം ലിയാൻഡ്രോ പരേഡസിന് ആദ്യം മഞ്ഞക്കാർഡ് കാണിച്ച റഫറി, വാർ പരിശോധനയ്ക്ക് ശേഷം തീരുമാനം തിരുത്തി. ഫൗൾ അഭിനയിച്ചതായി കണ്ടെത്തിയ സ്വിസ് താരം എംബോളോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് കാട്ടി പുറത്താക്കിയതോടെ സ്വിറ്റ്‌സർലൻഡ് പത്ത് പേരായി ചുരുങ്ങി.
ഒരു താരം കുറവായിട്ടും സ്വിസ് പ്രതിരോധം ശക്തമായി പൊരുതി. മെസ്സിയുടെയും മാർട്ടിനസിന്റെയും നിരവധി ശ്രമങ്ങൾ ഗോൾകീപ്പർ കോബൽ തടഞ്ഞു. ഇഞ്ചുറി ടൈമിൽ മെസ്സിയുടെ ഒരു ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എന്നാൽ അധികസമയത്ത് അർജന്റീനയുടെ നിരന്തര ആക്രമണങ്ങൾക്ക് മുന്നിൽ സ്വിസ് പ്രതിരോധം ഒടുവിൽ കീഴടങ്ങി. അൽവാരസ് ലീഡ് വീണ്ടെടുത്തതിന് പിന്നാലെ ലൗട്ടാരോ മാർട്ടിനസും ഗോൾ പട്ടികയിൽ ഇടംപിടിച്ചതോടെ നിലവിലെ ചാമ്പ്യന്മാർക്ക് സെമി ടിക്കറ്റ് ഉറപ്പായി.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം തുടരുന്ന ലയണൽ മെസ്സി ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മുൻനിരയിലാണ്. നായകന്റെ നേതൃത്വത്തിൽ തുടർച്ചയായ ആറാം മത്സരത്തിലും അർജന്റീന അജയ്യരായി മുന്നേറുമ്പോൾ, ലോകകിരീടം നിലനിർത്താനുള്ള അവരുടെ സ്വപ്നം ഒരു പടി കൂടി യാഥാർഥ്യത്തോട് അടുക്കുകയാണ്.


















































