ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് ക്രൂരമായ മർദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണത്തിന് ബലം നൽകി ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ പാടുകളും നട്ടെല്ലിന് പൊട്ടലുമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, കേസിൽ പ്രാഥമിക നടപടികൾ വേഗത്തിലാക്കാൻ ഹരിപ്പാട് പൊലീസ് നീക്കം തുടങ്ങി.
തലയ്ക്കേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണമെന്ന് റീപോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. കാലുമുതൽ തലവരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവുകളും മർദനമേറ്റ പാടുകളും ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവം ഉസ്ബകിസ്ഥാനിൽ നടന്നതിനാൽ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ അധികാരപരിധിക്ക് ചില പരിമിതികളുണ്ടെങ്കിലും, കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കൂടിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് കേസ്.
ബിഎൻഎസ്എസ് (BNSS) 208-ാം വകുപ്പ് പ്രകാരം വിദേശരാജ്യത്ത് ഇന്ത്യക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താൻ വ്യവസ്ഥയുണ്ട്. ഉസ്ബകിസ്ഥാനിലെ അന്വേഷണ-വിചാരണ നടപടികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ നിയമവ്യവസ്ഥ പ്രയോഗിക്കുന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണനയിലാണെന്ന് സൂചന.
സാവരിയയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സദറുൽ അനാം സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കമുള്ള കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

















































