കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. ചുണ്ടുപൊട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ. എരമം സ്വദേശിയായ രണ്ടുവയസുകാരനെയാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ചുണ്ടിന് മുറിവ് പറ്റി ആശുപത്രിയിൽ എത്തിയതാണ് കുട്ടി. അനസ്‌തേഷ്യ നൽകിയതിന് ശേഷം ബോധരഹിതനായി. ആശുപത്രിക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇതിനിടെ, ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച് ബേബി മെമ്മോറിയൽ ആശുപത്രി രംഗത്തെത്തി. അനസ്‌തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ആവശ്യമായ പരമാവധി ചികിത്സ നൽകുകയും ചെയ്തു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ് പറ്റിയാണ് രണ്ടുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുട്ടി വേദന കൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്‌തേഷ്യ നൽകാൻ തീരുമാനിച്ചത്. അനസ്‌തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനായി. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ നിന്ന് വലിയ അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ അനസ്‌തേഷ്യ ഏത് ഡോസിൽ നൽകിയാലും റിസ്‌കുണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.






