ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തി. അന്താരാഷ്ട്ര ജലപാതയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട ആക്രമണത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാനെ ബോധ്യപ്പെടുത്താനാണ് നടപടി തുടങ്ങിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു.
‘ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യു.എസ്. ആക്രമണങ്ങൾ. ഇറാൻ പ്രകടിപ്പിച്ച ആക്രമണസ്വഭാവം അനാവശ്യവും അപകടകരവുമായിരുന്നു, ഇത് വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനവുമാണ്’ യു.എസ്. സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
80-ലധികം ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപത്തെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലകൾ, തീരദേശ റഡാർ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, കൂടാതെ ഇറാനിയൻ നാവികസേനയുടെ 60-ഓളം ചെറിയ ബോട്ടുകൾ എന്നിവയാണ് ലക്ഷ്യമിട്ടത്.
കിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളപായമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണങ്ങൾക്ക് തൊട്ടുമുമ്പ് ഇറാനുമേലുള്ള എണ്ണ ഉപരോധത്തിൽ നൽകിയിരുന്ന താൽക്കാലിക ഇളവ് അമേരിക്ക പിൻവലിച്ചിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ അനുവദിച്ചിരുന്ന ലൈസൻസ് റദ്ദാക്കുകയും ഉപരോധം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു. കഴിഞ്ഞ മാസം ഒപ്പുവെച്ച അമേരിക്ക–ഇറാൻ ധാരണാപത്രത്തിന്റെ ഭാഗമായിരുന്നു ഈ ഇളവ്.
ഉപരോധം പുനഃസ്ഥാപിച്ചതും സൈനിക ആക്രമണവും ധാരണാപത്രത്തിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. ഈ നടപടികൾക്ക് പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ഈ നീക്കം ധാരണാപത്രത്തിന്റെ ലംഘനമാണെന്നും യു.എസ്. സർക്കാരിന്റെ വിശ്വാസ്യതയില്ലായ്മ തെളിയിക്കുന്ന നടപടിയാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ദേശീയ താൽപര്യങ്ങളും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ടെഹ്റാൻ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഖമനേയിയുടെ മൃതദേഹം നിലവിൽ ഇറാഖിലെ നജാഫിലാണുള്ളത്. ഇറാനിലെ ചടങ്ങുകൾക്ക് ശേഷം ചൊവ്വാഴ്ചയാണ് മൃതദേഹം നജാഫിലെത്തിച്ചത്. ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ യു.എസ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യാത്ര അവസാനിപ്പിച്ച് രാജ്യത്തേക്ക് മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.


















































