പട്ന: ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരിൽ നിന്ന് ലൈംഗികാതിക്രമശ്രമം നേരിട്ടതായി ആരോപിച്ച് ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി രംഗത്ത്. ബിഹാറിലെ ഛാപ്രയ്ക്ക് സമീപം പാട്ലിപുത്ര എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലായിരുന്നു സംഭവം നടന്നതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
സിവാനിലേക്കുള്ള യാത്രയ്ക്കിടെ ജനറൽ കോച്ചിലെ അപ്പർ ബർത്തിൽ കിടന്നുറങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ താഴെ ഇരുന്ന ചില വയോധികർ അനാവശ്യമായി സ്പർശിക്കാൻ ശ്രമിച്ചതായി യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ബെർത്തിൽ ഒതുങ്ങിക്കിടന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും ശല്യപ്പെടുത്തൽ അവസാനിച്ചില്ലെന്നാണ് ആരോപണം.
അപ്പർ ബർത്തിന്റെ ഇടുങ്ങിയ വിടവിലൂടെ കൈ നീട്ടി ശരീരത്തിൽ തൊടാൻ ശ്രമിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം. ബെർത്തിന് തൊട്ടുതാഴെ ഇരുന്നവരാണ് തുടർച്ചയായി ഇത്തരത്തിൽ പെരുമാറിയതെന്നും യുവതി വീഡിയോയിൽ വിശദീകരിക്കുന്നു.
വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, ട്രെയിനുകളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്. സംഭവത്തിൽ റെയിൽവേ അധികൃതരുടെയും പോലീസിന്റെയും പ്രതികരണം കാത്തിരിക്കുകയാണ്.


















































