കണ്ണൂർ: തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടികയിലെ പിടിപി ജാഫറിൻ്റേയും അമീറയുടേയും ഇളയ മകൻ നജ്വാൻ അഹമ്മദിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ 8.15 ന് കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സും പോലിസും തെരച്ചിൽ നടത്തിവരവേ കൊടിലേരി പാലത്തിനു സമീപമുള്ള വിസിബിയുടെ ഷട്ടറുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്
ഞായറാഴ്ച്ച വൈകുന്നേരം ബന്ധുക്കളോടൊപ്പം കുളിക്കാനെത്തിയ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്നു അതിവേഗ രക്ഷാസേനയുടേയും പോലീസിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് എട്ടുമണിക്ക് നിർത്തിയ തെരച്ചിൽ രാവിലെയോടെ പുനരാരംഭിക്കുകയായിരുന്നു.
കുറുമാത്തൂർ ചൊറുക്കളയിലെ ഉപ്പൂപ്പ കെപി ഉമ്മറിൻ്റെ വീട്ടിൽ അവധിക്ക് വന്നപ്പോഴാണ് കുട്ടിയേയും കൂട്ടി കുളിക്കാനായി രണ്ട് കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് വന്നത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ അവനെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങി. ഈ സമയം കരയിൽ നിൽക്കുകയായിരുന്ന നജ്വാനെ കാണാതാവുകയായിരുന്നു. മൃതദേഹം പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയോടെ ഖബറടക്കി.
















































