കൊച്ചി: സ്ത്രീകൾക്ക് ഇന്ദിര ഗ്യാരണ്ടി (പ്രിയദർശിനി ഓർഡിനറി) ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് ബസുടമകൾ. ഇതിനിടെയാണ് എറണാകുളം മാഞ്ഞാലി–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസിന് 7,500 രൂപ പിഴ ചുമത്തിയെന്ന ആരോപണവുമായി ഉടമ രംഗത്തെത്തിയത്.
ഉച്ചസമയത്തെ ഒരു ട്രിപ്പ് ഒഴിവാക്കിയതിനാണ് പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഈ-ചല്ലാൻ വഴി പറവൂർ ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയതെന്ന് ബസുടമ ഡേവിസ് ആരോപിച്ചു.
കനത്ത വരുമാന നഷ്ടം മൂലമാണ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചതെന്നും, സാഹചര്യം ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഓൺലൈനിൽ പരാതി ലഭിച്ചതിനാലാണ് നടപടിയെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പ്രിയദർശിനി പദ്ധതിയുടെ ആദ്യദിവസം പുരുഷന്മാർക്കും സൗജന്യ യാത്ര അനുവദിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ ബസുടമയാണ് ഡേവിസ്.
തുടർച്ചയായി പിഴ അടച്ച് സർവീസ് തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി ഡേവിസ് രംഗത്തെത്തിയത്. 7,500 രൂപ പിഴ അടയ്ക്കുന്നതിനായി ബസുടമകൾ, ജീവനക്കാർ, യാത്രക്കാർ എന്നിവരിൽ നിന്ന് ഗൂഗിൾ പേ സ്കാനർ വഴി ഒരുരൂപ വീതം സംഭാവന നൽകണമെന്ന അഭ്യർഥനയുമായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു.
സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും അന്യായമെന്ന് ആരോപിക്കുന്ന പിഴനടപടിയിൽ പ്രതിഷേധിക്കാനുമാണ് ഈ നീക്കമെന്ന് ബസുടമ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും സ്വകാര്യ ബസ് മേഖലയ്ക്കുള്ള നഷ്ടപരിഹാരമോ മറ്റ് സഹായ നടപടികളോ സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്ന പരാതിയും ബസുടമകൾ ഉയർത്തുന്നുണ്ട്.

















































