കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം മുൻകൂട്ടി ആലോചിച്ചുറപ്പിച്ച കച്ചവടമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഈ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യും. ഓഹരിക്കൈമാറ്റത്തിലെ കരാർലംഘനങ്ങളും പൊതുതാൽപര്യത്തിനും ദേശീയ സുരക്ഷയ്ക്കും വിരുദ്ധമായ കാര്യങ്ങളും ഉൾക്കൊള്ളിച്ച് സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതർക്കും കത്തയച്ചതായി പിണറായി വ്യക്തമാക്കി.
അദാനിയുടെ വക്താവാകാതെ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന നിലയിലേക്കു സംസ്ഥാന സർക്കാർ മാറണമെന്ന് പിണറായി പറഞ്ഞു. സുതാര്യമായി നടക്കേണ്ട കാര്യങ്ങൾ അതീവ രഹസ്യമായാണു ഇപ്പോൽ നടക്കുന്നത്. അദാനി കമ്പനിയുടെ ആളുകളുമായി വി.ഡി. സതീശൻ നേരത്തേ മംഗളൂരുവിൽ ചർച്ച നടത്തിയെന്ന ആരോപണവും നിയമം, ധനം, തുറമുഖം വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിൽ വന്നതും ഇത്തരം കാര്യങ്ങൾക്കു വേണ്ടിയാണെന്നു ജനം സംശയിച്ചാൽ തെറ്റുപറയാനാവില്ല. ഗുരുതര കരാർ ലംഘനമുണ്ടായിട്ടും കാര്യങ്ങൾ വളരെ ലഘൂകരിച്ചാണു മുഖ്യമന്ത്രിയുടെ ഓഫിസ് കണ്ടതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാൽ അദാനി ഗ്രൂപ്പിന്റെ ആവശ്യം നിലനിൽക്കില്ല. സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ വഴിവിട്ട സഹായം നൽകുമോ എന്നാണ് ഇനി അറിയാനുള്ളതെന്നും പിണറായി കൂട്ടിച്ചേർത്തു.
അതേസമയം വിദേശനിക്ഷേപം ഇടതു സർക്കാരിന്റെ നേട്ടമെന്നു പാർട്ടി മുഖപത്രത്തിൽ എഴുതിയതു സംബന്ധിച്ച ചോദ്യത്തിന് ‘അതു നിങ്ങളെപ്പോലുള്ള ലേഖകർ എഴുതുന്നതല്ലേ’ എന്നായിരുന്നു പിണറായി വിജയന്റെ മറുചോദ്യം. മറ്റു കാര്യങ്ങൾ അറിയിക്കാതെ കൊടുത്താൽ അതു പത്രത്തിൽ വരില്ലേ? അതു പത്രത്തിന്റെ നയമാകുമോ? പാർട്ടി പത്രമായാലും അതാണു സംഭവിക്കുക. ലേഖകൻ എഴുതിക്കൊടുത്തു. പത്രത്തിൽ വന്നു- അത്രയേയുള്ളൂ – പിണറായി പറഞ്ഞു.


















































