മാനന്തവാടി: മാനന്തവാടിയിൽ വാടകവീട്ടിൽ രാത്രി അതിക്രമിച്ചുകയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം മോഷ്ടിച്ച കേസിൽ സ്ഥിരം മോഷ്ടാവ് അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി എം. മുഹമ്മദലി (67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കകം മാനന്തവാടി പൊലീസ് പിടികൂടിയത്.
പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജൂൺ 29-നാണ് മാനന്തവാടി കെ.എസ്.ആർ.ടി.സി ഗാരേജ് റോഡിലെ വാടകവീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്സിന്റെ മുൻവാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ പ്രതി, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് കവർന്നത്.
39-ാം വയസുമുതൽ മോഷണം പതിവാക്കിയ മുഹമ്മദലി കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. നാല് മാസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്.
ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.കെ. സോബിൻ, മുർഷിദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോബിൻ, റയീസ്, സിവിൽ പൊലീസ് ഓഫീസർമാരായ നിസാർ, ഷിന്റോ, സിദ്ദിഖ്, അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.

















































