പാല: പാല നഗരസഭയിൽ ഭരണപക്ഷത്തിനുള്ളിൽ ഭിന്നത രൂക്ഷമായി. ചെയർപേഴ്സൺ ദിയ ബിനുവിനുള്ള പിന്തുണ പിൻവലിക്കുന്നതായി അഞ്ച് കോൺഗ്രസ് കൗൺസിലർമാർ പ്രഖ്യാപിച്ചു. ഡിവൈഎഫ്‌ഐക്ക് കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിൽ സമ്മേളനം നടത്താൻ അനുമതി നൽകിയതിനെച്ചൊല്ലിയാണ് പുതിയ തർക്കം. സിപിഐഎമ്മുമായി ചേർന്ന് പുളിക്കക്കണ്ടം കൗൺസിലർമാർ യുഡിഎഫിനെ വഞ്ചിച്ചെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ചെയർപേഴ്സൺ നിഷേധിച്ചു.
സിപിഐഎമ്മുമായി അവിശുദ്ധ സഖ്യം പുലർത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കാൻ ആത്മാഭിമാനം അനുവദിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുനൽകരുതെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. എന്നാൽ വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ കോൺഗ്രസിന്റെ നിലപാട് അട്ടിമറിക്കാനും സിപിഐഎമ്മിന്റെ നിലപാട് വിജയിപ്പിക്കാനുമായി കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
അജണ്ട മാറ്റിവെക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ ദിയ ബിനു വിഷയം വോട്ടെടുപ്പിലേക്ക് നീക്കുകയും, അതുവഴി എൽഡിഎഫിന്റെ നിലപാട് വിജയിപ്പിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെ ആരോപണം.
കോൺഗ്രസിന്റെ പിന്തുണയിൽ അധികാരത്തിലെത്തി സിപിഐഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നവരെ ഇനി പിന്തുണയ്ക്കാൻ ബാധ്യതയില്ലെന്ന് ടോണി തൈപ്പറമ്പിൽ പറഞ്ഞു. മാണി ഗ്രൂപ്പിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനാണ് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതെന്നും, സിപിഐഎമ്മിന് ഭരണത്തിൽ ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിനു പുളിക്കക്കണ്ടവും ലാലിച്ചൻ ജോർജും തമ്മിലുള്ള രാഷ്ട്രീയ സഖ്യം പാലാ നഗരസഭയെ നിയന്ത്രിക്കുന്ന സാഹചര്യം അംഗീകരിക്കില്ലെന്നും അതിനെതിരെ കോൺഗ്രസ് ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിവൈഎഫ്‌ഐ സമ്മേളനത്തിനായി പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡ് വിട്ടുനൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോൺഗ്രസ് ആരോപിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും, ഈ തീരുമാനം അംഗീകരിക്കരുതെന്ന് നേരത്തേ തന്നെ സ്വതന്ത്ര മുന്നണിയോട് ആവശ്യപ്പെട്ടിരുന്നതായും നേതാക്കൾ പറഞ്ഞു.
എന്നിട്ടും സിപിഎം നേതാക്കളുടെ നിർദേശപ്രകാരം കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നത് കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തിയതിന് തുല്യമാണെന്ന് ടോണി തൈപ്പറമ്പിൽ ആരോപിച്ചു. തെറ്റ് തിരുത്താൻ പല അവസരങ്ങളും നൽകിയിട്ടും വീണ്ടും സിപിഐഎമ്മിനൊപ്പം ചേർന്ന് കോൺഗ്രസിനെ വഞ്ചിച്ച സാഹചര്യത്തിലാണ് സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നതെന്നും, തുടർനടപടികൾ പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


















































