മുംബൈ: മലയാള നടൻ പൃഥ്വിരാജ് സുകുമാരൻ പിന്തുടരുന്ന പ്രതിഫല മാതൃക ബോളിവുഡ് സ്വീകരിച്ചാൽ നിലവിലെ പല സാമ്പത്തിക പ്രതിസന്ധികൾക്കും പരിഹാരമാകുമെന്ന് സംവിധായകൻ സഞ്ജയ് ഗുപ്ത. സിനിമയുടെ മുഴുവൻ പ്രതിഫലവും മുൻകൂറായി വാങ്ങുന്നതിനുപകരം ലാഭവിഹിതം അടിസ്ഥാനമാക്കിയുള്ള പ്രതിഫല സംവിധാനം കൂടുതൽ താരങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു സഞ്ജയ് ഗുപ്തയുടെ പ്രതികരണം. സ്വന്തം ചിത്രങ്ങൾ നിർമിക്കുന്ന പൃഥ്വിരാജ്, വലിയ പ്രതിഫലം മുൻകൂറായി വാങ്ങാതെ ചിത്രത്തിന്റെ ലാഭവിഹിതം സ്വീകരിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം ചിത്രങ്ങൾ നിർമിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജ് മുൻകൂറായി വലിയ തുക പ്രതിഫലം വാങ്ങുന്നതിന് പകരം ചിത്രത്തിന്റെ ലാഭവിഹിതം സ്വീകരിക്കുന്ന രീതിയെക്കുറിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് സഞ്ജയ് ഗുപ്ത വ്യക്തമാക്കിയത്. ‘മലയാള സൂപ്പർതാരം പൃഥ്വിരാജ് തന്റെ ഭൂരിഭാഗം സിനിമകളും സ്വയം നിർമിക്കുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരം, ഒരു സിനിമയുടെ ബജറ്റിൽ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ്. അതിനാൽ അദ്ദേഹം ആ തുക ഒഴിവാക്കുകയും പകരം അത് ലാഭവിഹിതമാക്കി മാറ്റുകയും ചെയ്യുന്നു. ഇതോടെ സിനിമ പെട്ടെന്ന് തന്നെ താങ്ങാനാവുന്നതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു,’ സഞ്ജയ് ഗുപ്ത കുറിച്ചു.
‘എന്തുകൊണ്ട് ഇത് ഒരു പൊതുകീഴ്‌വഴക്കമായിക്കൂടാ? പാനൽ ചർച്ചകളിൽ സംസാരിക്കുന്നതിന് പകരം കൂടുതൽ താരങ്ങൾ ഇത് പ്രാവർത്തികമാക്കിയാൽ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡിലെ സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് സഞ്ജയ് ഗുപ്ത മുൻപും തുറന്ന നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. നടൻ രൺവീർ സിങ്ങിനെ വിലക്കണമെന്ന ആവശ്യങ്ങൾ ഉയർന്നപ്പോൾ, ഒരു മുൻനിര താരത്തിനെതിരായ നടപടി സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് അണിയറപ്രവർത്തകരുടെ ഉപജീവനത്തെ ബാധിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം, പൃഥ്വിരാജിന്റേതായി ‘ഐ നോബഡി’, ‘വാരാണസി’, ‘ഖലീഫ’, ‘ദയാര’, ‘ഒടിയൻ’ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘ഐ നോബഡി’യുടെ നിർമാതാക്കളിൽ ഒരാളായി പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും എത്തുന്നുണ്ട്. കരീന കപൂറിനൊപ്പമുള്ള ‘ദയാര’യും ഉടൻ തിയേറ്ററുകളിലെത്തും.

















































