ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം. സിലിണ്ടറിന് 183.50 രൂപ കുറച്ചതോടെ പുതിയ വില 2,951 രൂപയായി. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണവും വിലവർധനവും ഏർപ്പെടുത്തിയിരുന്നു. മെയ് ആദ്യവാരത്തിൽ വാണിജ്യ സിലിണ്ടറിന്റെ വില 900 രൂപയിലധികം വർധിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ അന്താരാഷ്ട്ര സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ വിതരണവും സാധാരണ നിലയിലായതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് വില കുറച്ചതും നേരത്തെ ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണങ്ങൾ പിൻവലിച്ചതും.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടർന്ന് സ്വകാര്യ എണ്ണവിതരണ കമ്പനിയായ നയാര എനർജിയും പെട്രോൾ, ഡീസൽ വില കുറച്ചു. കമ്പനിയുടെ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യത്താകെയുള്ള നയാരയുടെ ഏഴായിരത്തിലധികം പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നിട്ടുണ്ട്. സംസ്ഥാനങ്ങൾക്കനുസരിച്ചുള്ള നികുതി വ്യത്യാസം കാരണം വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും.
രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഒരു സ്വകാര്യ എണ്ണക്കമ്പനി റീട്ടെയിൽ ഇന്ധനവില കുറയ്ക്കുന്നത്. നേരത്തെ ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നപ്പോൾ നയാര പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർധിപ്പിച്ചിരുന്നു. തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും പല ഘട്ടങ്ങളിലായി ഇന്ധനവില ഉയർത്തിയിരുന്നു.
ഇറാൻ-അമേരിക്ക വെടിനിർത്തലിനും പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവുവന്നതിനെ തുടർന്നും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതോടെയാണ് വിലക്കുറവിന് സാഹചര്യമൊരുങ്ങിയത്. എന്നിരുന്നാലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ ഇന്ധനവിലയിൽ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.

















































