കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശന് സ്വന്തം പാർട്ടിക്കുള്ളിൽനിന്നും വിമർശനം ശക്തമാകുന്നു. കെ.പി.സി.സിയുമായി കൂടിയാലോചന നടത്താതെയാണ് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം നിയമനം നടത്തിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമന വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെയാണ് പരിഗണിച്ചതെന്നും, അതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വർഷമായി ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈ വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെയും നേരിൽകണ്ട് പരാതി അറിയിച്ചതായും, എന്നാൽ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്നും നിയാസ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ അതൃപ്തിയുടെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധവും സാമൂഹിക മാധ്യമ ഇടപെടലുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് നിയാസ് കത്ത് നൽകിയിട്ടുണ്ട്. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. പരാതി ഉയർന്നതിനെ തുടർന്ന് നിയമന നടപടികൾ താത്കാലികമായി തടഞ്ഞിട്ടുണ്ടെന്നും നിയാസ് അവകാശപ്പെട്ടു.
അതേസമയം, തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി നിയമനത്തെ പിന്തുണച്ച് രംഗത്തെത്തുകയും സംഘപരിവാർ ബന്ധമെന്ന ആരോപണം തള്ളുകയും ചെയ്തു. കോഴിക്കോട് സ്വദേശിയായ ശേഷാദ്രിനാഥൻ മാർച്ച് 31-നാണ് ജില്ലാജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ചത്.
ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരായ പ്രതിഷേധം തുടരുമെന്ന് നിയാസ് വ്യക്തമാക്കി. കെ.പി.സി.സി. നേതൃത്വത്തിന്റെയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സർക്കാർ അഭിഭാഷകരുടെ നിയമനവും വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ ബജറ്റ് പ്രഖ്യാപനവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിനുള്ളിൽ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതിനിടെ, കോഴിക്കോട് ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് പി.എം. നിയാസിനെ വിമർശിച്ച് രംഗത്തെത്തി. വ്യക്തിപരമായ താത്പര്യങ്ങൾക്കായി സമൂഹത്തിൽ മാന്യതയുള്ള വ്യക്തികളെ സംഘപരിവാർ ചേരിയിലേക്ക് തള്ളിവിടരുതെന്നും, ഇത്തരത്തിലുള്ള നിലപാടുകളാണ് കോഴിക്കോട് കോർപ്പറേഷനിൽ ബി.ജെ.പി.ക്ക് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലഭിക്കാൻ കാരണമായതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.















































