കൊച്ചി: ക്രിമിനൽ കേസ് പ്രതികൾ പങ്കെടുത്ത യോഗത്തിൽ കെ. സുധാകരൻ എം.പി. പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. സുധാകരനെ തങ്ങൾ നേരിട്ട് കാണാനെത്തിയതാണെന്നും അദ്ദേഹം കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞ് 20 പേർക്ക് മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതെന്നും സംഘാടകർ അറിയിച്ചു. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതോടെ യോഗത്തിൽ നൂറോളം പേർ പങ്കെടുത്തതായി അവർ പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രമല്ല, സമൂഹത്തിന്റെ സഹകരണവും ആവശ്യമാണെന്ന് യോഗത്തിന്റെ സംഘാടകനായ സുഹൈൽ ഷാജഹാൻ പ്രതികരിച്ചു. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവരെ ഒപ്പം നിർത്തണമെന്നും മുൻപ് ഗുണ്ടകളായിരുന്നുവെന്ന പേരിൽ ആരെയും മാറ്റിനിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താൽ ലഹരിക്കെതിരായ പോരാട്ടത്തിൽ അവർക്കും പങ്കാളികളാകാനുള്ള അവസരം നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളത്തോക്ക് കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. എ.കെ.ജി. സെന്റർ ആക്രമണക്കേസിലും വിസ തട്ടിപ്പ് കേസിലും പ്രതിയായ വ്യക്തിയാണ് സുഹൈൽ ഷാജഹാൻ.





