കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ നേതാക്കളെ തെരഞ്ഞെടുക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനൊരുങ്ങി ബിജെപി. സംഘടനയെക്കുറിച്ച് ബോധ്യമുള്ള, നേതൃപാടവമുള്ള നേതാക്കളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പും ക്ലാസും സംഘടിപ്പിക്കാനും ഇതിനെല്ലാമൊടുവിൽ പരീക്ഷ നടത്താനും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശം.
മണ്ഡല അടിസ്ഥാനത്തിലായിരിക്കും ക്ലാസും പരീക്ഷയും നടത്തുക. ബൂത്ത് അടിസ്ഥാനത്തിലുള്ള നേതാക്കൾ മുതൽ ക്ലാസിൽ പങ്കെടുക്കണം. പഠന ക്ലാസിന് ശേഷമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ പാസാകുന്നത് നിർബന്ധമാണ്. ഇത്തരത്തിൽ 280 മണ്ഡലങ്ങളിലും പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ക്ലാസും പരീക്ഷയും സംഘടിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രശിക്ഷൺ ശിബിരം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സംഘടനാപരമായ ക്ലാസുകളും ആശയപരമായ ക്ലാസുകളും സംഘടിപ്പിക്കും. ഇതിന് പുറമേ ഡിജിറ്റൽ സാക്ഷരത ഉറപ്പിക്കുന്നതിനുള്ള ക്ലാസുകളുമുണ്ടാകും. നേതാക്കന്മാർക്ക് എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉണ്ടായിരിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.
പാർട്ടിയുടെ ആപ്പ് കൈകാര്യം ചെയ്യാൻ എല്ലാവരെയും പ്രാപ്തരാക്കും. ആപ്പിൽ കാര്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മനസിലാക്കും. പഠന ക്ലാസിന് ശേഷം പറഞ്ഞ കാര്യങ്ങളെല്ലാം സ്വായത്തമാക്കിയോ എന്നറിയാനാണ് പരീക്ഷ. പരീക്ഷയിൽ നേതാക്കൾ പാസായിരിക്കണമെന്നും നിർദേശം.

















































