തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്.
മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്ഐടി നേരത്തെ പ്രതിയാക്കിയിരുന്നു. പ്രതിപട്ടിക വിപുലപ്പെടുത്തുമെന്ന് എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. സ്വർണക്കൊള്ളയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. കട്ടിളപാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കടത്തിയ കേസുകളുമാണവ. മൂന്നാമത് ഒരു കേസ് രജിസ്റ്റർ ചെയ്യാനാണ് എസ്ഐടി തീരുമാനം.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രശാന്തിനു പുറമേ സ്മാർട്സ് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരി, തന്ത്രിയായിരുന്ന കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മിഷണർ റജിലാൽ എന്നിവരും പ്രതികളാണ്.

















































