റിവോൾവർ റാണി എന്ന ചിത്രത്തിലെ ചുംബനരംഗത്തിനിടെ വിർ ദാസിനെ കങ്കണ റണൗട്ട് പരിക്കേൽപ്പിച്ചു എന്നാണ് പ്രചാരണം. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട് വിർ ദാസും ഇതിന് നന്ദി പറഞ്ഞ് കങ്കണയും രംഗത്തെത്തി. സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റിൽ മാധ്യമപ്രവർത്തക സിമി ചന്ദോക് ആണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയത്.
സംവിധായകൻ കട്ട് പറഞ്ഞശേഷവും വിർ ദാസിനെ ചുംബിക്കുന്നത് കങ്കണ തുടർന്നുവെന്നും ഇത് വിർ ദാസിനെ പരിക്കേൽപ്പിച്ചുവെന്നുമാണ് സിമി പറഞ്ഞത്. വിർ ദാസിന്റെ ചുണ്ട് മുറിഞ്ഞ് രക്തം വന്നുവെന്നും ഇത് വിർ ദാസിനെ ട്രോമയിലാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. സിമിയുടെ വെളിപ്പെടുത്തൽ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ഇതോടെയാണ് വിർ ദാസ് പ്രതികരിച്ചത്. സിമി പറഞ്ഞത് വെറും കെട്ടുകഥയാണെന്ന് വിർ ദാസ് പറഞ്ഞത്. ‘അവർ പൂർണമായും പ്രൊഫഷണലായിരുന്നു.
അവർ കഴിവുള്ള കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും പറയും. ഇത് കങ്കണയ്‌ക്കെതിരെ നടക്കുന്ന അന്യായമായ അപവാദ പ്രചാരണമാണ്. ഞാൻ തമാശയായി പറഞ്ഞ കാര്യത്തിന് എന്നെ ഭീകരവാദി എന്ന് അവർ മുമ്പ് വിളിച്ചിട്ടുണ്ട്. എന്നാൽ, സെറ്റിലെത്തിയാൽ ഒരു കുഴപ്പവുമില്ല.’ -വിർ ദാസ് ‘എക്‌സി’ൽ കുറിച്ചു. സിമിയുടെ പരാമർശത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്.
















































