പത്തനംതിട്ട: ചിറ്റാർ ഉന്നതിയിൽ വീടിനടുത്തുള്ള കുഴിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം. ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി മരിച്ച സന്ദീപി(35)ന്റെ പിതാവ് സദാനന്ദൻ പറഞ്ഞു.
വെള്ളം പോലും കുടിക്കാൻ കഴിയാത്ത നിലയിലാണ് മകനെ കണ്ടെത്തിയതെന്നും പ്രണയിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ ആക്രമിച്ചതാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകൻ ഒരു യുവതിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ നേരത്തെ സന്ദീപിനെ മർദിച്ചിട്ടുണ്ടെന്നും സദാനന്ദൻ പറഞ്ഞു. ‘ദേഹത്ത് പാടുകളൊക്കെ ഉണ്ടായിരുന്നു. നെറ്റിക്കും നെഞ്ചത്തുമൊക്കെ പാടുണ്ട്. അതാ സംശയത്തിന് കാരണം.
ഇരുമ്പുവടി കൊണ്ട് മർദിച്ചതാണോ എന്ന് സംശയമുണ്ട്. മോൻ ഒന്നും പറഞ്ഞിട്ടില്ല. വെള്ളം ഇറക്കാൻ തന്നെ കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ. ദേഹത്ത് മുറിവില്ല, പക്ഷേ, നെറ്റിക്കും വയറിലും ഒക്കെ മുഴച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് സംശയം. സ്നേഹിച്ച ആ പെണ്ണിന്റെ അച്ഛൻ ആദ്യമേ അവനെ അടിക്കുക ഒക്കെ ചെയ്തിട്ടുണ്ട്. ഒരു പ്രാവശ്യം അതിന് കേസ് എടുത്തിരുന്നു. കൊലപാതകത്തിന് പ്രതികളെ അറസ്റ്റ് ചെയ്യണം. നിയമ നടപടി സ്വീകരിക്കണം’ -സദാനന്ദൻ ആവശ്യപ്പെട്ടു.






