തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പാളി. എൽഡിഎഫിന്റെ പിൻതുണയോടെ അവിശ്വാസം കൊണ്ടുവരാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിൻറെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനമെടുത്തു. കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
അതേസമയം 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ (34 പേർ) പിന്തുണ വേണം. അതിനാൽതന്നെ 20 അംഗങ്ങളുള്ള യുഡിഎഫിനോ, 29 അംഗങ്ങളുള്ള എൽഡിഎഫിനോ ഒറ്റയ്ക്ക് പ്രമേയം കൊണ്ടുവരാൻ കഴിയില്ല. ഇരുപക്ഷവും കൈകോർത്താലും 49 അംഗങ്ങളാകൂ. ഒരു സ്വതന്ത്രൻറെയും പിന്തുണ ഇവർക്കുണ്ടുതാനും
മറുപക്ഷത്ത് ബിജെപിയുടെ കൗൺസിലർ സുഗതൻ കാപ്പ കേസിൽ ജയിലിലായതോടെ ഭരണപക്ഷത്തിൻറെ അംഗബലം 50 ആയി ചുരുങ്ങിയിരിക്കുകയാണ്. അവിശ്വാസ പ്രമേയ ചർച്ച നടക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (51 പേർ) കൗൺസിലിൽ ഹാജരാകേണ്ടതുണ്ട്. ബിജെപി കൗൺസിലർമാർ വിട്ടുനിന്നാൽ ക്വാറം തികയാതെ പ്രമേയം തള്ളപ്പെടുകയും ചെയ്യും.

















































