തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ലഹരി മാഫിയയുടെ വേരറുത്തുമാറ്റുക തന്നെ ചെയ്യുമെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കണ്ണുവയ്ക്കുന്നത് നമ്മുടെ കുട്ടികളെയാണ്. അവരെ ഉപകരണങ്ങളാക്കി മാറ്റാനാണ് മാഫിയ സംഘങ്ങൾ ശ്രമിക്കുന്നത്. അവര് വളരെ സജീവമായി നമ്മുടെ നാടിനെയും സമൂഹത്തെയും തകർക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്. കാസർഗോട് മേലെപറമ്പിൽ ഒരി മിഠായി ഫാക്ടറി പോലീസ് കണ്ടെത്തി.ഒപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അവിടെ നിന്നും കണ്ടെത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. പുറമേ നിന്ന് നോക്കുമ്പോൾ ഒരു മിഠായി ഫാക്ടറി. യഥാർത്ഥത്തിലത് ലഹരി അടങ്ങിയ മിഠായികളാണ്. ഇത്തരം സാധനങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ എവിടെ കൊണ്ടുപോയി എത്തിക്കു. കേരള പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്; ആഭ്യന്തര മന്ത്രി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം
ഞാൻ അപ്പോഴേ പറഞ്ഞതല്ലേ… നമ്മുടെ മക്കളാണ് അവരുടെ ലക്ഷ്യമെന്ന്. കഴിഞ്ഞ ദിവസം കാസർകോട് നിന്ന് മിഠായി കവറുകളിലാക്കി കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഉൽപ്പന്നമായ ‘കൂൾ’ (Cool Lip) ആണ് ഓപ്പറേഷൻ തൂഫാൻ പിടികൂടിയത് . സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട്, സാധാരണ മിഠായിയാണെന്ന് കരുതി അവർ ഇത് ഉപയോഗിക്കട്ടെ എന്ന ക്രൂരമായ ചിന്തയോടെയാണ് മാഫിയ ഇത് തയ്യാറാക്കിയത്. ഈ ലഹരി മാഫിയയോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ… നിങ്ങളുടെ സ്വന്തം മക്കൾക്ക് നിങ്ങൾ ഇതുപോലെ കൊടുക്കുമോ? ഇല്ലല്ലോ! പിന്നെന്തിനാണ് മറ്റുള്ളവരുടെ മക്കളെ ഇങ്ങനെ കൊന്നുതിന്നുന്നത്? പണമുണ്ടാക്കാൻ വേണ്ടി മാത്രം ഒരു തലമുറയെയാകെ ഇരുട്ടിലേക്ക് തള്ളിവിടുന്ന ഈ മാഫിയയുടെ വേരറുക്കുക തന്നെയാണ് ഈ ‘തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ’ ലക്ഷ്യം.
പ്രിയപ്പെട്ട മാതാപിതാക്കളോട് ഞാൻ ഒരു കാര്യം അഭ്യർത്ഥിക്കട്ടെ – നിങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട ഘട്ടമാണ് ഇത് . കുട്ടികളോട് തുറന്നു സംസാരിക്കാനും, കാവലാളുകളായ പോലീസിനെ പൂർണ്ണമായും വിശ്വസിച്ച് ഒപ്പം നിൽക്കാനും നമുക്ക് കഴിയണം ഇത്തരം കെണികളെ എങ്ങനെ തിരിച്ചറിയണമെന്നും അവയിൽ നിന്ന് എങ്ങനെ അകന്നു നിൽക്കണമെന്നും നമ്മുടെ കുട്ടികളെ കൃത്യമായി വഴിനടത്താൻ നമ്മളും തയ്യാറാകേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ നമ്മൾ ഒന്നിച്ചു തന്നെ ഉണ്ടാകും

















































